കുറ്റ്യാടിയിൽ ദലിത് പെൺകുട്ടി കൂട്ടബലാൽസം​ഗത്തിനിരയായ സംഭവം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ക്രൂരത

ആദ്യം പീഡിപ്പിച്ചതിന് ശേഷവും ഇതേ പ്രതികളിലൊരാളായ രാഹുലും മെര്‍വിനും കൂടി തന്നെ അതിന് ശേഷവും പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നത്.

Update: 2021-10-27 13:25 GMT

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ ജനകിക്കാട് വച്ച് ദലിത് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി നാലുപേർ ചേർന്ന് കൂട്ടബലാൽസം​ഗത്തിനിരയാക്കിയത്. കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്നാണ് വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ആദ്യം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കുട്ടി അതിന് ശേഷവും പിഡിപ്പിക്കപ്പെട്ടെന്നും മാത്രമല്ല, രണ്ട് വര്‍ഷം മുമ്പും പീഡനം നേരിട്ടെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയം തന്നെയാണ് പോലിസിനുമുള്ളത്.

ഇതുവരെ അഞ്ചുപേരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കാവിലുംപാറ സ്വദേശി അക്ഷയ്(22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് ആദ്യം അറസ്റ്റിലായതെങ്കിലും കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലില്‍ കുറ്റ്യാടി ആക്കല്‍ മാവിലപ്പാടി ഗുളിക്കല്‍ പറമ്പത്ത് മെര്‍വിനേയും (22) അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മൂന്നാമത്തെ പീഡന വിവരവും പുറത്ത് വരുന്നത്.

ഒക്ടോബര്‍ മൂന്നിനാണ് നാല് പേര്‍ ചേര്‍ന്ന് ആദ്യം പെണ്‍കുട്ടിയെ പുറംപോക്ക് സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചത്. പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടായതോടെ കുറെ ദിവസം പെണ്‍കുട്ടി ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും ഒടുവില്‍ ആത്മഹത്യാശ്രമം നടത്തുകയും നാട്ടുകാര്‍ പെണ്‍കുട്ടിയെ പോലിസിലേല്‍പ്പിക്കുകയും ചെയ്തതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്.

കുട്ടിയെ ചൈല്‍ഡ് ലൈന്റെ സംരക്ഷണത്തിലാക്കിയ പിന്നാലെയാണ് ആദ്യം പീഡിപ്പിച്ചതിന് ശേഷവും ഇതേ പ്രതികളിലൊരാളായ രാഹുലും മെര്‍വിനും കൂടി തന്നെ അതിന് ശേഷവും പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നത്. കൗണ്‍സിലിങ് അടക്കം നല്‍കിയതോടെയാണ് രണ്ട് വര്‍ഷം മുമ്പും താന്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടി പോലിസിനോട് വെളിപ്പെടുത്തിയത്.

ആദ്യം കുറ്റ്യാടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തൊട്ടില്‍പ്പാലം പോലിസ് സ്‌റ്റേഷനിലേക്കും പിന്നീട് പെരുവണ്ണാമൂഴി സ്‌റ്റേഷനിലേക്കും മാറി. നാദാപുരം അഡീഷണല്‍ എഎസ്പി പി നിധിന്‍രാജാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് കേസുകള്‍ വന്നതോടെ തൊട്ടില്‍പ്പാലം, കുറ്റ്യാടി, പെരുവണ്ണാമൂഴി, പേരാമ്പ്ര പോലിസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കേസുകള്‍ നടക്കുന്നത്.