ജാമിഅ വെടിവയ്പിനു പിന്നാലെ വന്‍ പ്രതിഷേധം; മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍(വീഡിയോ)
ന്യൂഡല്‍ഹി: സിഎഎയ്‌ക്കെതിരേ ജാമിഅ മില്ലിയ ഇസ് ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ റാലിക്കു നേരെ ഹിന്ദുത്വവാദി വെടിയുതിര്‍ത്തതിനു പിന്നാലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത്. അക്രമി വെടിയുതിര്‍ത്തപ്പോള്‍ പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലിസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. പോലിസ് ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഏതാനും പേരെ പിന്നീട് വിട്ടയച്ചു. ഇതേത്തുടര്‍ന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഭാഗങ്ങളില്‍ കനത്ത സംഘര്‍ഷാവസ്ഥയുണ്ടായി. വ്യാഴാഴ്ചയാണ് വിദ്യാര്‍ഥി റാലിക്കു നേരെ പോലിസിന്റെയും മാധ്യമങ്ങളുടെയും കണ്‍മുന്നില്‍ ഉത്തര്‍പ്രദേശ് സ്വദേശി വെടിയുതിര്‍ത്തത്. ഇയാള്‍ക്ക് 19 വയസ്സുണ്ടെന്നായിരുന്നു ആദ്യം പോലിസ് പറഞ്ഞത്. എന്നാല്‍, പിന്നീട് 18 വയസ്സിനു താഴെയാണെന്നതിനാല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും പൂര്‍ണ വിവരങ്ങള്‍ പറയാനാവില്ലെന്നും പോലിസ് നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അക്രമിക്കെതിരേ ഐപിസി സെക്്ഷന്‍ 307(വധശ്രമം), ആയുധ നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രതിഷേധക്കാരെ നേരിടാന്‍ പോലിസ് ജലപീരങ്കികളും ബാരിക്കേഡുകളും സജ്ജമാക്കിയിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ പോലിസിനെതിരേ ശക്തമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പിരിഞ്ഞു പോവണമെന്ന് പോലിസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ അനങ്ങിയില്ല. അക്രമി ഫേസ്ബുക്കില്‍ ലൈവിട്ട ശേഷമാണ് വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിയുതിര്‍ക്കുമ്പോഴും പോലിസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം, ഡല്‍ഹി പോലിസ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു. ബിജെപി, ബജ്‌റംഗ്ദള്‍, ആര്‍എസ്എസ് അംഗമാണ് താനെന്ന് അക്രമി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് റാലിയില്‍ ഒറ്റുകാരെ വെടിവയ്ക്കുക എന്ന് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വെടിവയ്പ് എന്നതും ശ്രദ്ധേയമാണ്.
അതിനിടെ, ഡല്‍ഹി പോലിസ് കമ്മീഷണറുമായി സംസാരിച്ചതായും കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ ഇതിനെ ഗൗരവമായെടുക്കും. കുറ്റവാളിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. വെടിയേറ്റ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി ഷദാബ് ഫാറൂഖിന്റെ ശരീരത്തില്‍നിന്ന് ബുള്ളറ്റ് നീക്കം ചെയ്തതായും കേസ് ക്രൈംബ്രാഞ്ചിനു വിട്ടതായും എയിംസില്‍ കഴിയുന്ന ഷദാബിനെ സന്ദര്‍ശിച്ച ശേഷം പോലിസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍ പറഞ്ഞു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും വിദ്യാര്‍ഥിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

