'അന്ത്യയാത്രയില്‍ കാവി പുതപ്പിക്കണം, ജയ് ശ്രീ റാം മുഴക്കണം'; ജാമിഅയില്‍ വെടിയുതിര്‍ത്തത് ഫേസ്ബുക്ക് ലൈവിട്ട ശേഷം
വെടിവയ്ക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് നല്‍കിയ അവസാന പോസ്റ്റില്‍ ''എന്റെ അന്ത്യയാത്രയില്‍ എന്നെ കാവി വസ്ത്രം പുതയ്പ്പിക്കണം, ജയ് ശ്രീ റാം മുഴക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തയാള്‍ എത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. വെടിവയ്ക്കുന്നതിനു തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ ലൈവ് നല്‍കിയാണ് ഇയാളെത്തിയത്. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശി 19 കാരനായ രാംഭക്ത് ഗോപാലാണ് പോലിസിന്റെ കണ്‍മുന്നില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തത്.
കറുത്ത ജാക്കറ്റ് ധരിച്ച് തോക്കുമായി നടന്നടുക്കുകയും 'ഇതാ, നിങ്ങളുടെ സ്വാതന്ത്ര്യം' എന്നു പറഞ്ഞ് വെടിയുതിര്‍ക്കുകയുമായിരുന്നു. എന്നാല്‍, തന്റെ ക്രൂരകൃത്യത്തിനിടെ പിടിക്കപ്പെട്ടാല്‍ ലഭിക്കാവുന്ന ശിക്ഷയെ കുറിച്ചെല്ലാം അറിവുണ്ടെന്നു മനസ്സിലാക്കുന്നതാണ് ഇയാളുടെ ഫേസ്ബുക്ക് ലൈവിലെ വാക്കുകളെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. വെടിവയ്ക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് നല്‍കിയ അവസാന പോസ്റ്റില്‍ ''എന്റെ അന്ത്യയാത്രയില്‍ എന്നെ കാവി വസ്ത്രം പുതയ്പ്പിക്കണം, ജയ് ശ്രീ റാം മുഴക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ശാഹീന്‍ ബാഗിലെ കളി അവസാനിക്കുന്നു എന്നാണ് മറ്റൊരു പോസ്റ്റിലുള്ളത്. താന്‍ ബിജെപി, ബജ്‌റംഗദ്ള്‍, ആര്‍എസ്എസ് അംഗമാണെന്ന് അവകാശപ്പെടുന്ന രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിറയെ ബിജെപിയുമായും മറ്റും ബന്ധപ്പെട്ടതാണ്. തോക്കും വാളും കൈയിലേന്തിയുള്ള ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാംഭക്ത് ഗോപാലിന്റെ വെടിയേറ്റ് ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.