മാണ്ഡ്യയിലെ ജാമിഅ മസ്ജിദിന് പുറത്ത് 'ഹനുമാന്‍ ചാലിസ' ചൊല്ലുമെന്ന ഹിന്ദുത്വ സംഘടനകളുടെ വെല്ലുവിളി; നഗരത്തില്‍ കര്‍ഫ്യൂ, മസ്ജിദും പരിസരവും പോലിസ് വലയത്തില്‍

Update: 2022-06-04 14:59 GMT

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ജാമിഅ മസ്ജിദിന് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന ഹിന്ദുത്വ സംഘടനകളുടെ വെല്ലുവിളിയെത്തുടര്‍ന്ന് പള്ളിയും പരിസരവും പോലിസ് വലയത്തിലാക്കി. പള്ളിയുടെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ എന്നിവരാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കാന്‍ പള്ളിക്ക് സമീപം വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ജാമിഅ മസ്ജിദിലേക്കുള്ള റോഡുകള്‍ പോലിസ് അടച്ചു. പള്ളിക്ക് ചുറ്റും 400 പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

പള്ളിക്ക് പുറത്ത് പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ സുരക്ഷാസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ഞായറാഴ്ച രാവിലെ വരെയാണ് നഗരത്തില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് എന്‍ യതീഷ് അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീരംഗപട്ടണത്തില്‍ പോലിസ് ഫഌഗ് മാര്‍ച്ച് നടത്തി. നഗരത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്  ഫ്‌ളാഗ് മാര്‍ച്ച് നയിച്ച എസ്പി യതീഷ് പറഞ്ഞു.

ക്രമസമാധാന നില നിലനിര്‍ത്താന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പോലിസിന് നിര്‍ദേശം നല്‍കി. ജാമിഅ പള്ളിയുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ഗ്യാന്‍വാപി പള്ളിയുടെ മാതൃകയില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും ബജ്‌റംഗ്ദളും മെയ് 20ന് മാണ്ഡ്യ ജില്ലാ കമ്മീഷണറെ സമീപിച്ചിരുന്നു. പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് മുമ്പ് ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്നെന്നും ഇത് പൊളിച്ചാണ് പള്ളി പണിതതെന്ന സ്ഥിരം അവകാശവാദങ്ങളുമായാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

അതേസമയം, നഗരപരിധിക്കുള്ളില്‍ ഇത്തരം ഒത്തുചേരലുകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും എന്നാല്‍ നഗരപരിധിയ്ക്ക് പുറത്താണ് ഇവര്‍ അനുമതി ചോദിക്കുന്നതെന്നും മാണ്ഡ്യ ഡെപ്യൂട്ടി കലക്ടര്‍ എസ് അശ്വതി പറഞ്ഞു. ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിന് ജനാധിപത്യ രീതിയില്‍ ശബ്ദമുയര്‍ത്തുമെന്ന് ബജ്‌റംഗ്ദള്‍ നേതാവ് കല്ലഹള്ളി ബാലു പറഞ്ഞു. പോലിസ് ബലം പ്രയോഗിക്കുകയോ ലാത്തി ചാര്‍ജ് ചെയ്യുകയോ ചെയ്താല്‍ പിന്‍മാറില്ലെന്നും ബാലു പറഞ്ഞു.

മസ്ജിദില്‍ ഹിന്ദുക്കള്‍ പ്രാര്‍ത്ഥന നടത്തുന്നത് തടയുന്നതിന് പകരം മുസ്‌ലിംകള്‍ മസ്ജിദിനുള്ളില്‍ മദ്‌റസകള്‍ നടത്തുന്നത് തടയാന്‍ നടപടിയെടുക്കണമായിരുന്നുവെന്ന് പറഞ്ഞ് ശ്രീരാമസേനാ സ്ഥാപകന്‍ പ്രമോദ് മുത്തലിക് ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചു. ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ ഞാന്‍ അപലപിക്കുന്നു. മസ്ജിദ് ഒരു പുരാവസ്തു വകുപ്പിന്റെ കെട്ടിടമാണ്- ശ്രീരാമസേന വാദിക്കുന്നു. ഓരോ പ്രവൃത്തിക്കും പ്രതികരണമുണ്ടാവുമെന്ന് വഖ്ഫ് ബോര്‍ഡ് സെക്രട്ടറി ഇര്‍ഫാന്‍ പറഞ്ഞു.

ആരെങ്കിലും ജാമിഅ മസ്ജിദില്‍ വന്ന് പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ മൗനം പാലിക്കില്ല. ഞങ്ങളുടെ ആളുകളും തയ്യാറാണ്. സുരക്ഷ പോലിസ് ഏറ്റെടുത്തിട്ടുണ്ടെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഇവിടെ ഒരു തര്‍ക്കവുമില്ല, അത് ഗ്യാന്‍വാപി മസ്ജിദ് വിവാദത്തിന്റെ മാതൃകയില്‍ കാണാന്‍ കഴിയില്ല. പുറത്തുനിന്നുള്ളവര്‍ ഇവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കി. ക്രമസമാധാന നില ലംഘിക്കാന്‍ ആരെയും പോലിസ് അനുവദിക്കില്ലെന്ന് എഡിജിപി അലോക് കുമാര്‍ (ക്രമസമാധാനം) പ്രതികരിച്ചു.

Tags: