ജമാല്‍ കൊച്ചങ്ങാടി;എഴുത്തിന്റെ നൈര്‍മല്യത്തിന് അറുപത്

പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭ.

Update: 2022-07-16 09:28 GMT

പിസി അബ്ദുല്ല

കോഴിക്കോട്ഃ ജമാല്‍ കൊച്ചങ്ങാടിയെന്ന എഴുത്തിന്റെയും ഭാഷയുടെയും സ്‌നേഹ സാന്നിധ്യത്തിന്റെയും നൈര്‍മല്യത്തിന് അറുപതാണ്ടിന്റെ നിറവ്.പ്രായം എണ്‍പതോടടുക്കുമ്പോഴും എഴുത്തിന്റെ പുതിയ തലങ്ങളില്‍ സജീവമാണ് എല്ലാവരുടേയും ജമാല്‍ക്കയെന്ന ജമാല്‍ കൊച്ചങ്ങാടി.പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭ. പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി എ സൈനുദ്ദീന്‍ നൈനയുടെ മകനായി 1944ല്‍ എറണാകുളം ജില്ലയിലെ കൊച്ചങ്ങാടിയില്‍ ജനിച്ചു. സ്വദേശം കൊച്ചിയാണെങ്കിലും കോഴിക്കോടാണ് ജമാല്‍ കൊച്ചങ്ങാടിയുടെ പ്രധാന തട്ടകം.

സ്‌ക്കൂള്‍ ഫൈനലിനു ശേഷം എറണാകുളത്തെ 'കേരളനാദം' സായാഹ്ന പത്രത്തിലായിരുന്നു തുടക്കം. പിന്നീട് ജയ്ഹിന്ദ്, കൊച്ചിന്‍ എക്‌സ്പ്രസ്, യുവകേരളം തുടങ്ങിയ സായാഹ്നപത്രങ്ങളിലും പ്രവര്‍ത്തിച്ചു. ഫിലിംനാദം, യാത്ര, ചിത്രകാര്‍ത്തിക, ദീപ്തി, സര്‍ഗ്ഗം ,സിനിമ തുടങ്ങിയ ആനുകാലികങ്ങളിലും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇതിനിടെ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഓഫീസ് സെക്രട്ടറിയായി കുറച്ചുനാള്‍ ജോലിചെയ്തു. ജ്യൂ ടൗണില്‍ ഇംപ്രിന്റ് എന്ന പേരില്‍ ഒരു ചെറിയ പ്രസ്സ് ഇടക്കാലത്തു നടത്തിയിരുന്നു. സ്‌ക്കൂള്‍ ഫൈനലിനു പഠിക്കുന്ന കാലത്തു തന്നെ 1961ല്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എം.ജെ സക്കറിയാ സേട്ടുവിനോടൊപ്പം അഞ്ചും മൂന്നും ഒന്ന് എന്ന കഥാ സമാഹാരം പുറത്തിറക്കി.

'തളിരിട്ട കിനാക്കള്‍, ചാപ്പ എന്നീ ചിത്രങ്ങള്‍ക്ക് കഥയും തിരകഥയും എഴുതി. സിനിമയ്ക്കും അല്ലാതെയും ഗാന രചനകള്‍ നടത്തി. 1980ല്‍ 'ലീഗ് ടൈംസ്' പത്രാധിപസമിതിയില്‍ അംഗമായാണ് കോഴിക്കോട് വരുന്നത്. 1985ല്‍ ഇരു മുസ്ലിം ലീഗുകളും തമ്മില്‍ ലയിച്ചപ്പോള്‍ പത്രം നിര്‍ത്തി. എറണാകുളത്തു നിന്നാരംഭിച്ച 'പ്രിവ്യൂ' വാരികയുടെ ചീഫ് എഡിറ്ററായി വീണ്ടും എറണാകുളത്തേയ്ക്ക്. 1987ല്‍ മാധ്യമം ആരംഭിച്ച കാലം തൊട്ടേ അതിലുണ്ടായിരുന്നു. ഡെസ്‌ക് ചീഫായും വാരാന്ത്യ മാധ്യമത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. പതിനഞ്ചുവര്‍ഷം മാധ്യമം വാര്‍ഷിക പതിപ്പുകളുടെ പത്രാധിപരായിരുന്നു. 2002 ല്‍ മാധ്യമം വിട്ടു. പിന്നീട് തേജസ് ദിനപത്രം അസോസിയേറ്റ് എഡിറ്ററായി. ജമാല്‍ക്കയുടെ കൈയൊപ്പ് ചാര്‍ത്തിയ തേജസ് ആഴ്ച വട്ടം സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഇനിയും ഉണരാത്തവര്‍, ക്ഷുഭിതരുടെ ആശംസകള്‍ എന്നീ പ്രഫഷണല്‍ നാടകങ്ങളുടെ രചയിതാവ്. കഥ,നോവല്‍, വിവര്‍ത്തനം, പഠനം തുടങ്ങിയ ഇനങ്ങളില്‍ ഇരുപത്തഞ്ചിലേറെ കൃതികള്‍. ക്ലാസിക്കല്‍ അഭിമുഖങ്ങള്‍, കാര്‍ട്ടൂണിസ്റ്റുകളെ കുറിച്ചുളള 'സത്യം പറയുന്ന നുണയന്മാര്‍' എന്നിവ മാധ്യമബന്ധിയായ പ്രധാന രചനകളാണ്.സ്‌കൂള്‍ ഫൈനലിനു പഠിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം,

ചായം തേക്കാത്ത മുഖങ്ങള്‍ നോവല്‍, നിലാവിന്റെ സംഗീതം,രണ്ടു പഞ്ചാബി പ്രണയ നോവലുകള്‍, ഹിറ്റ്‌ലറുടെ മനസ്സ്,മരുഭൂമിയിലെ പ്രവാചകന്‍, കൊളംബസും മറ്റു യാത്രികരും,വിശ്വ സാഹിത്യ പ്രതിഭകള്‍ (ഇരുപതാം നൂറ്റാണ്ടിലെ 140 വിശ്വ വിഖ്യാത സാഹിത്യകാരന്മാരുടെ ജീവചരിത്ര കുറിപ്പുകള്‍), ക്ലാസിക് അഭിമുഖങ്ങള്‍,കാള്‍മാര്‍ക്‌സ്, മഹാത്മാഗാന്ധി, ഹിറ്റ്‌ലര്‍, മുസോളിനി, സ്റ്റാലിന്‍, മാവോ സേതുങ് തുടങ്ങി രാഷ്ട്രീയം തത്ത്വചിന്ത, സാഹിത്യം, ശാസ്ത്രം, സംഗീതം, തുടങ്ങിയ മേഖലകളിലെ ഇരുപത്തഞ്ച് പ്രശസ്തരുമായുളള അഭിമുഖ സംഭാഷണങ്ങള്‍,മെലഡി പങ്കജ് മല്ലിക് , ആര്‍ സി ബോറല്‍, സൈഗാള്‍ നൗഷാദ് തുടങ്ങി ഹിന്ദി ചലചിത്ര രംഗത്തെ 40 സംഗീത സംവിധായകരുടെയും ഗായകരുടെയും ജീവിതം, താന്‍സന്‍ മുതല്‍ സക്കീര്‍ ഹൂസൈന്‍ വരെ ഹിന്ദസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ നാല്‍പത്ത് ആചാര്യന്മാരുടെ ജീവിത രേഖകള്‍,ലതാ മങ്കേഷ്‌കര്‍ സംഗീതവും ജീവിതവും, സത്യം പറയുന്ന നുണയന്മാര്‍,

അകത്തളം, സ്വകാര്യതയുടെ അതിര്‍ത്തികള്‍,തേജസ് പബ്ലിക്കേഷന്‍സിന്റെ ധ്യാനം ഇസ്ലാമില്‍,കേരള സംസ്‌കാരം : ആദാനപ്രദാനങ്ങള്‍, സൂഫികഥകള്‍ സൂഫി ആചാര്യന്മാരെ കുറിച്ചുളള കഥകള്‍, സംഗീത സംവിധായകനായ ബാബുരാജിനെ മറവില്‍ നിന്ന വീണ്ടെടുത്ത കൃതി,സ്ഫടികംപോലെ; പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയാത്രികരായ ഏഴുപേര്‍, അദ്ദേഹത്തിന്റെ ജീവിതത്തെ ആത്മാവില്‍ അനുഭവിക്കുന്നതിന്റെ സര്‍ഗ്ഗാത്മക രചന എന്നിവ പ്രധാന എഴുത്തുകള്‍.1980ല്‍ പി ഗോപികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തളിരിട്ട കിനാക്കള്‍ എന്ന ചലച്ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ് ജമാല്‍ കൊച്ചങ്ങാടി ചലച്ചിത്ര രംഗത്തെത്തിയത്. തളിരിട്ട കിനാക്കളിലെ ഗാനങ്ങളും അദ്ദേഹം രചിച്ചു. അതുകൂടാതെ 1983ല്‍ പ്രദര്‍ശനത്തിനെത്തിയ മറക്കില്ലൊരിക്കലും എന്ന ചലച്ചിത്രത്തിന് വേണ്ടിയും അദ്ദേഹം ഗാനരചന നടത്തി. പി എ. ബക്കര്‍ സംവിധാനം ചെയ്ത് 1983ല്‍ പ്രദര്‍ശനത്തിനെത്തിയ ചാപ്പ എന്ന ചിത്രത്തിന്റെ കഥയെഴുതിയതും ജമാല്‍ കൊച്ചങ്ങാടി ആയിരുന്നു.പരേതയായ എന്‍ പി ഫാത്തിമയാണ് ഭാര്യ

Tags:    

Similar News