ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകം: കുറ്റവാളിയെ ചൂണ്ടിക്കാട്ടാന്‍ വിസമ്മതിച്ച് ട്രംപ്

ചിലസന്ദര്‍ഭങ്ങളില്‍ പ്രസിഡന്റിന് പ്രതികരിക്കാതിരിക്കാന്‍ അവകാശമുണ്ടെന്നാണ് അഭ്യര്‍ഥനയ്ക്കു മറുപടിയായി ട്രംപ് ഭരണകൂടം അറിയിച്ചത്.

Update: 2019-02-09 14:07 GMT
വാഷിങ്ടണ്‍: സൗദി വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന സെനറ്റര്‍മാരുടെ ആഭ്യര്‍ഥനയ്ക്ക് മറുപടി പറയാന്‍ വിസമ്മതിച്ച് ട്രംപ് ഭരണകൂടം. ചിലസന്ദര്‍ഭങ്ങളില്‍ പ്രസിഡന്റിന് പ്രതികരിക്കാതിരിക്കാന്‍ അവകാശമുണ്ടെന്നാണ് അഭ്യര്‍ഥനയ്ക്കു മറുപടിയായി ട്രംപ് ഭരണകൂടം അറിയിച്ചത്.

കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബറിലാണ് സെനറ്റര്‍മാര്‍ വൈറ്റ് ഹൗസിന് കത്ത് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ദൂരൂഹ സാഹചര്യത്തില്‍ ഖഷഗ്ജി കൊല്ലപ്പെട്ടത്. സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖഷഗ്ജിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി നശിപ്പിച്ചെന്നാണ് റിപോര്‍ട്ട്. ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുമതിയോടെയല്ലാതെ ഇത്തരത്തിലൊരു കൊലപാതകം നടക്കില്ലെന്ന് യൂഎസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിരുന്നു.കൊലപാതകത്തിനു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെത്തി അന്വേഷണം നടത്തിയ യുഎന്‍ വിദഗ്ധ സംഘത്തിലെ അംഗമായ ബറോണസ് ഹെലിന കെന്നഡി പറഞ്ഞു. എന്നാല്‍, ക്രൂരന്‍മാരായ സൗദി ഏജന്റുമാരുടെ ഒരു സംഘമാണ് കൊലപാതകം നടത്തിയതെന്നും അതിന്് കിരീടാവകാശിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് സൗദി ആവര്‍ത്തിക്കുന്നത്.

Tags:    

Similar News