ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടിസ്

Update: 2022-04-13 11:39 GMT

കോഴിക്കോട്: കേരളത്തിലെ കോളജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു ഐഎസിലേക്കടക്കം റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടിസ് അയച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തി പെടുത്തിയെന്ന് കാണിച്ചാണ് നോട്ടിസ്. ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകത്തിന് വേണ്ടി അഡ്വ.അമീന്‍ ഹസ്സനാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജമാഅത്തെ ഇസ്‌ലാമിയെ ലൗ ജിഹാദു പോലുളള വംശീയ വിദ്വോഷ പ്രയോഗങ്ങളിലേക്ക് ചേര്‍ത്തു വെക്കുന്നത് ബോധപൂര്‍വമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ച് സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ജോര്‍ജ് എം തോമസിന്റെ പ്രസ്താവനയെന്നും നോട്ടിസ് ആരോപിക്കുന്നു.

പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

Tags:    

Similar News