കശ്മീര്‍: ഏറ്റുമുട്ടലില്‍ ജെയ്‌ശെ മുഹമ്മദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരരില്‍ ഒരാളാണ് കംറാനെന്ന് സൂചനയുണ്ട്. ഇയാളോടൊപ്പം മറ്റൊരു സായുധനും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ശ്രീനഗര്‍: പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ശെ മുഹമ്മദ് കമാന്‍ഡറും ബോംബ് നിര്‍മാണ വിദഗ്ധനുമായ കംറാന്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. സംഭവത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ജവാന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരരില്‍ ഒരാളാണ് കംറാനെന്ന് സൂചനയുണ്ട്. ഇയാളോടൊപ്പം മറ്റൊരു സായുധനും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സൈന്യത്തിലെ 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലിസിലെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് വിഭാഗവുമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. ഒരു പ്രദേശവാസിയും ആക്രമണത്തില്‍ മരിച്ചതായി വിവരങ്ങളുണ്ട്.
പുല്‍വാമ ആക്രമണത്തിനുപയോഗിച്ച ബോംബ് തയ്യാറാക്കിയത് അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് പരിചയമുള്ള കംറാന്‍ ആണെന്ന് നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കംറാനു വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തിവരികയായിരുന്നു.