പിഡിപി നേതാവിന് ജയിലില്‍ ക്രൂരപീഡനമെന്ന് മെഹബൂബ മുഫ്തി

അന്വേഷണസംഘത്തിന്റെ വ്യാജ ആരോപണങ്ങള്‍ സമ്മതിക്കാന്‍ കസ്റ്റഡിയിലുള്ള പാര്‍ട്ടി നേതാവ് വഹീദ് പരയെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

Update: 2021-02-03 15:17 GMT

ശ്രീനഗര്‍: കശ്മീരികളെ ഭീകരവല്‍ക്കരിക്കാനും അവരെ കള്ളക്കേസില്‍ കുടുക്കാനുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ പട്ടികയില്‍ സിഐഡിയും ചേര്‍ന്നെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വീറ്റുകളിലൂടെയാണ് അവര്‍ ഇക്കാര്യം ആരോപിച്ചത്. അന്വേഷണസംഘത്തിന്റെ വ്യാജ ആരോപണങ്ങള്‍ സമ്മതിക്കാന്‍ കസ്റ്റഡിയിലുള്ള പാര്‍ട്ടി നേതാവ് വഹീദ് പരയെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

കശ്മീരികളെ ഭീകരവല്‍ക്കരിക്കാനും അവരെ വ്യാജമായി പ്രതിചേര്‍ക്കാനും പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ പട്ടികയില്‍ ജെ ആന്റ് കെ സിഐഡി ചേര്‍ന്നു. പിഡിപിയുടെ വഹീദ് പരയ്‌ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പരായപ്പെട്ടതിനു പിന്നാലെ വ്യാജ ആരോപണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കാളിയാവാന്‍ വിസമ്മതിച്ചതിന് സിഐഡി, എസ്‌ഐടി തലവനെ മാറ്റിയെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.

വ്യാജ ആരോപണങ്ങള്‍ സമ്മതിക്കുന്നതിന് വഹീദിനെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും ആരോപണങ്ങള്‍ സമ്മതിക്കാത്തതിനെതുടര്‍ന്ന് മനഷ്യത്വ രഹിതമായ അവസ്ഥായിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചതെന്നും മെഹബൂബ ട്വീറ്റ് ചെയ്തു. ഈ അന്വേഷണം ആദ്യദിവസം മുതല്‍ വഞ്ചനാപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നു അവര്‍ ട്വീറ്റ് ചെയ്തു.

ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുവെന്ന കേസില്‍ അറസ്റ്റിലായ ജമ്മുകശ്മീര്‍ മുന്‍ ഡപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിങുമായി ബന്ധമുണ്ടെന്നാരോപിച്ച് നവംബര്‍ 25നാണ് വഹീദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Tags: