ഡോ. ജി എന്‍ സായിബാബയ്ക്കു കൊവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം

Update: 2021-02-13 14:08 GMT

നാഗ്പൂര്‍: മാവോവാദി ബന്ധം ആരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ഡോ. ജി എന്‍ സായിബാബയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഡോക്ടര്‍മാര്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി മെഡിക്കല്‍ കോളജിലേക്കു മാറ്റണോ എന്നു തീരുമാനിക്കുമെന്ന് ജയില്‍ സൂപ്രണ്ട് അനൂപ് കുംറെ പറഞ്ഞു. അതേസമയം, ഡോ. സായിബാബയെ നിരീക്ഷിക്കണമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് ചികില്‍സയ്ക്കു വേണ്ടി മാറ്റണമെന്നും അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഭാര്യ എ എസ് വസന്ത കുമാരിയും സഹോദരന്‍ ഡോ. ജി രാദദോവുഡുവും കത്തയച്ചു.

    90 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്നതും വീല്‍ചെയറില്‍ കഴിയുന്നതുമായ ഡോ. ജി. എന്‍. സായിബാബ മൂന്ന് ദിവസം മുമ്പ് കുടുംബത്തെ വിളിച്ച് തനിക്ക് കടുത്ത അസുഖമുണ്ടെന്ന് റിപോര്‍ട്ട് ചെയ്യുകയും കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. നിലവില്‍ വിവിധ അസുഖങ്ങളുള്ള അദ്ദേഹത്തിനു കൊവിഡ് കൂടി ബാധിച്ചതോടെ കടുത്ത ആശങ്കയിലാണ്. നിരവധി തവണ

    പരോളിന് അഭ്യര്‍ത്ഥിച്ചെങ്കിലും നിരസിക്കുകയായിരുന്നു. വളരെ പ്രയാസത്തോടെയാണ് ഞങ്ങളോട് സംസാരിച്ചത്. ജയിലില്‍ ഡോ. സായിബാബയ്‌ക്കൊപ്പം പരിശോധന നടത്തിയ 25 തടവുകാരില്‍ 10 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശുചിത്വമില്ലാത്ത നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ മാറ്റണം. 90 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന ഡോ. സായിബാബയ്ക്കു സഹായികളായി നിയമിച്ച രണ്ടുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. അതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ ശ്രദ്ധിക്കാനോ അടിയന്തിര സാഹചര്യങ്ങളില്‍ സഹായിക്കാനോ സഹായികളില്ലാത്ത അവസ്ഥയാണ്. ആയതിനാല്‍ അദ്ദേഹത്തിന് നിരന്ത ചികില്‍സയും പരിചരണവും ആവശ്യമാണ്.

    പല കാരങ്ങള്‍ കൊണ്ടും നാഗ്പൂര്‍ മെഡിക്കല്‍ കോളജില്‍ അസൗകര്യങ്ങളുണ്ടെന്നതിനാല്‍ മികച്ച ചികില്‍സാ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അദ്ദേഹത്തിന്റെ ചികില്‍സ കുടുംബാംഗങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ അഭിഭാഷകരുമായി സംസാരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം. ആരോഗ്യസ്ഥിതിയെ കുറിച്ച് ജയില്‍ അധികൃതര്‍ കുടുംബത്തെ അറിയിക്കണം. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡോ. സായിബാബയ്ക്കു പരോള്‍ നല്‍കണമെന്നും കുടുംബം കത്തില്‍ ആവശ്യപ്പെട്ടു.

Jailed Ex-DU Professor GN Saibaba Tests Positive For COVID-19