ജയിലില്‍ നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അഖില്‍ ഗൊഗോയ് പത്രിക നല്‍കി
ഗുവാഹത്തി: ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് അഖില്‍ ഗൊഗോയ് അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പത്രിക നല്‍കി. ശിവസാഗര്‍, മരിയാനി നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വീഡിയോ കോണ്‍ഫറന്‍സിങഗിലൂടെ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫിസര്‍ക്ക് സമര്‍പ്പിച്ചത്. ചികില്‍സയില്‍ കഴിയുന്ന ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രി(ജിഎംസിഎച്ച്)യിലെത്തി അഖില്‍ ഗൊഗോയിയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ശേഖരിച്ചു. കര്‍ശനമായ പോലിസ് നിരീക്ഷണത്തിലാണ് ഇദ്ദേഹത്തെ പ്രത്യേക കാബിനില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച കിഴക്കന്‍ അസമിലെ ശിവസാഗര്‍, മൊറിയാനി നിയോജകമണ്ഡലങ്ങളില്‍ നിന്ന് പുതിയ പാര്‍ട്ടിയായ റൈജോര്‍ ദളിന്റെ സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത്. കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖില്‍ ഗൊഗോ സുഖം പ്രാപിച്ചിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി 2019ലാണ് അഖില്‍ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്. റൈജോര്‍ ദളും അസം ജാതിയ പരിഷത്തും സഖ്യമായാണ് അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.
Jailed Activist Akhil Gogoi Files Nomination For Assam Polls