ഇപ്പോള്‍ ജയ് ശ്രീറാം മുഴക്കുന്നത് ജനങ്ങളെ തല്ലിച്ചതക്കാനെന്ന് അമര്‍ത്യാസെന്‍

ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാളുകള്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ഗുരുതര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-07-06 08:02 GMT

കൊല്‍ക്കത്ത:ജനങ്ങളെ തല്ലിച്ചതക്കാനാണ് 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം രാജ്യവ്യാപകമായി ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതെന്നു നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാ സെന്‍. നേരത്തേ ഇത്തരത്തിലൊന്ന് താന്‍ കേട്ടിട്ടില്ലെന്നും ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതിന് ബംഗാളി സംസ്‌കാരവുമായി ബന്ധമില്ലെന്നും അമര്‍ത്യാ സെന്‍ ചൂണ്ടിക്കാട്ടി.

രാമനവമിയെക്കുറിച്ച് ഞാന്‍ മുന്‍പ് കേട്ടിട്ടില്ല. ബംഗാളില്‍ ഇതിനുമുന്‍പ് രാമനവമി ആഘോഷിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് ജനപ്രീതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.താന്‍ നാലുവയസ്സുള്ള പേരക്കുട്ടിയോടു ആരാണ് നിന്റെ ഇഷ്ടദേവതയെന്ന് ചോദിച്ചപ്പോള്‍ ദുര്‍ഗയെന്നാണ് അവള്‍ മറുപടി നല്‍കിയത്. ദുര്‍ഗയുടെ പ്രാധാന്യത്തെ രാമനവമിയുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാളുകള്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ഗുരുതര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം ദുര്‍ഗാക്ഷേത്രം തകര്‍ക്കുന്നതിലേക്ക് എത്തിയതിനു തൊട്ടുപിന്നാലെയാണ് അമര്‍ത്യാ സെന്നിന്റെ പ്രസ്താവന.

Tags: