'ജയ് ഭീമി'ലെ രം​ഗത്തിന്റെ പേരിൽ പ്രകാശ് രാജിനെതിരേ സംഘപരിവാരം

പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, അതിന്റെ പേരിൽ അയാളെ തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം.

Update: 2021-11-03 12:34 GMT

ചെന്നൈ: സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രത്തിലെ രം​ഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമർശനവുമായി സംഘപരിവാരം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമർശനമുയർന്നിരിക്കുന്നത്.

പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, അതിന്റെ പേരിൽ അയാളെ തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം. ഈ രം​ഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാരോപിച്ചാണ് വിമർശനം. സിനിമയുടെ രം​ഗത്തിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിക്കുന്നതിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ പ്രകാശ് രാജിനെ വിമർശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.

നവംബർ 2ന് ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തിയ 'ജയ് ഭീം' സംവിധാനം ചെയ്തത് ടി ജെ ജ്ഞാനവേൽ ആണ്. 93ൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.