ജഹാംഗീര്‍പുരിയില്‍ ആക്രമണം തടയുന്നതില്‍ പോലിസിന് വീഴ്ച്ച പറ്റിയെന്ന് കോടതി

സംഘര്‍ഷം തടയുന്നതില്‍ പോലിസിന് വീഴ്ച പറ്റിയെന്നും അനുമതിയില്ലാതെ നടത്തിയ റാലി പോലിസ് തടയാതെ പകരം റാലിയെ അനുഗമിക്കുകയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.

Update: 2022-05-08 17:07 GMT

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷം തടയുന്നതില്‍ പോലിസിന് വീഴ്ച്ച പറ്റിയെന്ന് കോടതി. ഹിന്ദുത്വ ആക്രമണത്തിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട പ്രദേശവാസികളായ മുസ്‌ലിംകളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. എന്നാല്‍ പ്രദേശവാസികളായ എട്ട് മുസ്‌ലിംകകളുടേയും ജാമ്യാപേക്ഷ കോടതി തള്ളി.

പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സംഘര്‍ഷം തടയുന്നതില്‍ പോലിസിന് വീഴ്ച പറ്റിയെന്നും അനുമതിയില്ലാതെ നടത്തിയ റാലി പോലിസ് തടയാതെ പകരം റാലിയെ അനുഗമിക്കുകയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.

ഹനുമാന്‍ ജയന്തിക്കിടെയുണ്ടായ ഹിന്ദുത്വ ആക്രമണത്തിന് പിന്നാലെ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ നടപടികള്‍ ഉണ്ടായിരുന്നു. അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ 20ാം തിയതി രാവിലെ ബുള്‍ഡോസറുകളുമായി ഉത്തര ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ എത്തുകായായിരുന്നു.

'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ഡിഎംസി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പോലിസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍. നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തിരുന്നു.