ആന്ധ്രപ്രദേശ്: ജഗന്‍മോഹന്റെ 25 അംഗ മന്ത്രിസഭ അധികാരമേറ്റു; അഞ്ച് ഉപമുഖ്യമന്ത്രിമാര്‍

മൂന്ന് വനിതാ അംഗങ്ങളും മന്ത്രിസഭയില്‍ ഇടംപിടിച്ചു. സെക്രട്ടറിയേറ്റിന് സമീപം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇസിഎല്‍ നരസിംഹന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Update: 2019-06-08 12:24 GMT

അമരാവതി: അഞ്ചു ഉപമുഖ്യമന്ത്രിമാരടക്കം 25 അംഗങ്ങളുമായി ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. മൂന്ന് വനിതാ അംഗങ്ങളും മന്ത്രിസഭയില്‍ ഇടംപിടിച്ചു. സെക്രട്ടറിയേറ്റിന് സമീപം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇസിഎല്‍ നരസിംഹന്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതുതായി അധികാരമേറ്റ മന്ത്രിസഭയിലെ ആറു അംഗങ്ങള്‍ അവിഭക്ത ആന്ധ്രാപ്രദേശില്‍ വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ മന്ത്രിസഭാ അംഗങ്ങളും ശേഷിക്കുന്നവര്‍ പുതുമുഖങ്ങളുമാണ്.

വിവിധ വിഭാഗങ്ങളില്‍നിന്നുള്ള അഞ്ചു പേരെ ഉപമുഖ്യമന്ത്രിമാരാക്കി നിയോഗിച്ചിട്ടുണ്ട്. റായല്‍സീമ, പ്രകാശം, കൃഷ്ണ ഡെല്‍ട്ട, ഗോദാവരി, വിസാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടിക ജാതി, പട്ടിക വര്‍ഗം, പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് ജഗന്‍ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്.

നേരത്തേ ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചെങ്കിലും ആദ്യമായാണ് ഒരു മന്ത്രി സഭയില്‍ അഞ്ചു ഉപമുഖ്യമന്ത്രിമാര്‍ ഇടംപിടിക്കുന്നത്. പിന്നാക്ക വിഭാഗത്തിലും കാപ്പ സമുദായത്തിലും പെട്ടവരായിരുന്നു അന്ന് ഉപമുഖ്യമന്ത്രിമാരായത്. മുന്‍മന്ത്രിയും മുതിര്‍ന്ന എംഎല്‍എയുമായ തമ്മിനേനി സീതാരാമാണ് നിയമസഭാ സ്പീക്കര്‍. ശ്രീകാകുളം ജില്ലയിലെ അമുദലവലസ നിയോജകമണ്ഡലത്തില്‍നിന്ന് ആറുതവണ തെരഞ്ഞെടുക്കപ്പെട്ട സീതാരാം എക്‌സൈസ്, ഭവനനിര്‍മാണ മന്ത്രിയായിരുന്നു. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരുടെ വന്‍ ഭൂരിപക്ഷവുമായിട്ടായിരുന്നു ജഗന്‍ ആന്ധ്രയിലെ ഭരണം പിടിച്ചത്.

Tags:    

Similar News