ചാനല്‍ ചര്‍ച്ചക്കിടെ വാക്കേറ്റം: ബിജെപി നേതാവിനെ ചെരിപ്പൂരി അടിച്ചു

Update: 2021-02-25 05:24 GMT

വിജയവാഡ: തത്സമയ ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി. നേതാവിനു ചെരിപ്പുകൊണ്ടടിയേറ്റു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. വിഷ്ണുവര്‍ധന്‍ റെഡ്ഡിക്കാണ് അടിയേറ്റത്.

തെലുങ്കു വാര്‍ത്താ ചാനലില്‍ രാഷ്ട്രീയ സംവാദത്തിനിടെയായിരുന്നു സംഭവം. അമരാവതി പരിരക്ഷണ സമിതി ജോയന്റ് ആക്ഷന്‍ കമ്മിറ്റിയംഗം കോലികാപുഡി ശ്രീനിവാസ റാവുവാണ് റെഡ്ഢിയെ ചെരുപ്പ് കൊണ്ട് മുഖത്തടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

അമരാവതി പ്രൊജക്ടുകള്‍ക്കായി 3000 കോടി സംഭരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരന്റി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. റാവുവിന് തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നുള്ള വിഷ്ണു റെഡ്ഡിയുടെ ആരോപണവും മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് റെഡ്ഡി നടത്തിയ പരാമര്‍ശവുമാണ് റാവുവിനെ പ്രകോപിപ്പിച്ചത്. സംഭവത്തെതുടര്‍ന്ന് പെട്ടെന്ന് ഇടവേളയിലേക്ക് കടക്കുകയായിരുന്നു അവതാരകന്‍. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളും ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നു. അതേസമയം സ്റ്റുഡിയോയില്‍ ഉണ്ടായ അനിഷ്ട സംഭവത്തില്‍ എബിഎന്‍ അവതാരകന്‍ പ്രേക്ഷകരോട് മാപ്പുപറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ചാനല്‍ ഏറ്റെടുക്കണമെന്നും ശ്രീനിവാസ റാവുവിനെതിരേ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.