ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടികള്‍ ഇനി വിമാനത്താവളത്തിലെത്തും മുമ്പ് പൂര്‍ത്തിയാക്കാം

ഇന്ത്യ ഉള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഗുണം ലഭിക്കും.

Update: 2019-08-16 18:59 GMT

റിയാദ്: ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും. ഇന്ത്യ ഉള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഗുണം ലഭിക്കും.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തീര്‍ഥാടകര്‍ക്ക് താമസ സ്ഥലങ്ങളില്‍ വെച്ച് തന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യമാണ് സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ എവിയേഷന്‍ ഏര്‍പ്പെടുത്തിയത്.

ഈ സൗകര്യം ലഭിക്കുന്ന തീര്‍ഥാടകര്‍ക്ക് ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങളില്‍ എത്തിയാല്‍ നേരിട്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേക്ക് പ്രവേശിക്കാം. താമസ സ്ഥലങ്ങളില്‍ വെച്ച് തന്നെ ബാഗേജുകള്‍ സ്വീകരിക്കുകയും ബോര്‍ഡിങ് പാസ് നല്‍കുകയും ചെയ്യും. ഇയാബ് ഇനീഷ്യേറ്റീവ് എന്നാണ് ഈ സേവനത്തിന്റെ പേര്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഗുണം ഈ വര്‍ഷം മുപ്പതിനായിരം തീര്‍ഥാടകര്‍ക്ക് ലഭിക്കും.ഇന്ത്യ, ഇന്തോനേഷ്യ, മലേസ്യ എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം ഇയാബ് സേവനം ലഭിക്കുക.

വരും വര്‍ഷങ്ങളില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സൗകര്യം ലഭിക്കുമെന്ന് അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി അല്‍ മന്‍സൂരി പറഞ്ഞു. തീര്‍ഥാടകര്‍ ഹജ്ജിനു പുറപ്പെടുന്ന രാജ്യങ്ങളില്‍ വെച്ച് തന്നെ സൗദിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് ഇനീഷ്യേറ്റീവും നേരത്തെ സൗദി നടപ്പിലാക്കിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 2.25 ലക്ഷം തീര്‍ഥാടകര്‍ ഈ വര്‍ഷം ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News