ലോക ബാങ്ക് പ്രസിഡന്റ് പദവിയില്‍ കണ്ണുനട്ട് നിക്കി ഹാലെയും ഇവാന്‍കയും

ഇന്റര്‍നാഷണല്‍ അഫയേഴ്‌സിനുവേണ്ടിയുള്ള ട്രഷറി അണ്ടര്‍ സെക്രട്ടറി ഡേവിഡ് മല്‍പ്പാസും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് മേധാവി മാര്‍ക് ഗ്രീനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Update: 2019-01-13 11:45 GMT
വാഷിങ്ടണ്‍: ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവച്ച ഒഴിവിലേക്കുള്ള യുഎസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍കയും ഇടംപിടിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ട്രഷറി അണ്ടര്‍ സെക്രട്ടറി ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡേവിഡ് മല്‍പ്പാസും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് മേധാവി മാര്‍ക് ഗ്രീനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പാണ് ജിം യോങ് കിം ലോക ബാങ്ക് പ്രസിഡന്റ് പദവിയില്‍നിന്ന് രാജിവച്ചത്. കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി. 2017ല്‍ 5 വര്‍ഷത്തേക്ക് പുനര്‍ നിയമനം ലഭിച്ചിരുന്നു. ലോക ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ക്രിസ്റ്റാലിന ജോര്‍ജീവ ഇടക്കാല പ്രസിഡന്റായി ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കും. വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപം നടത്തുന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ജിം കിം രാജിവച്ചത്.

ഡോക്ടറും ആന്ത്രോപ്പോളജിസ്റ്റുമായ ജിംകിം ലോക ബാങ്കിന്റെ 12ാമത് പ്രസിഡന്റായി 2012 ജൂലൈ ഒന്നിനാണ് സ്ഥാനമേറ്റത്. ദക്ഷിണ കൊറിയയിലെ സോളിലാണ് ജനനം. ലോക ബാങ്ക് പ്രസിഡന്റിനെ നിയമിക്കുന്നത് യുഎസ്സാണ്. യുഎസ് പൗരത്വമുള്ളവര്‍ക്കാണ് മുന്‍ഗണന. 2012ല്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് ജിം കമ്മിനെ നിയമിച്ചത്. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ മറ്റു രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ലോക ബാങ്കില്‍ 189 രാജ്യങ്ങള്‍ അംഗങ്ങളാണ്.

Tags:    

Similar News