കടല്‍ക്കൊല കേസ് അവസാനിപ്പിക്കുന്നത് നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ട ശേഷം മാത്രം: സുപ്രിം കോടതി

നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ ഇറ്റലി നടപടി ആരംഭിച്ചെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പില്‍ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

Update: 2021-04-19 08:09 GMT

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സര്‍ക്കാര്‍ നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ട ശേഷം മാത്രമേ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുയെന്ന് സുപ്രിം കോടതി. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ ഇറ്റലി നടപടി ആരംഭിച്ചെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പില്‍ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

കടല്‍ക്കൊല കേസില്‍ കൊല്ലപെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ട് ഉടമയ്ക്കും നല്‍കേണ്ട 10 കോടി രൂപയുടെ നഷ്ടപരിഹാര തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് ഇറ്റലി കഴിഞ്ഞ ആഴ്ച സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഈ തുക കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതി രജിസ്ട്രിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിടുകയുള്ളുയെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇത് വരെയും പണം രജിസ്ട്രിയില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്‍ സുപ്രിം കോടതി ജീവനക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. എന്തുകൊണ്ടാണ് തുക നിക്ഷേപിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. തുക നിക്ഷേപിക്കാനുള്ള നടപടി ഇറ്റലി ആരംഭിച്ചുവെന്നും ആ തുക ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്ട്രിയില്‍ നിക്ഷേപിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെങ്കില്‍ തുക നിക്ഷേപിച്ചതിന്റെ രേഖ കാണണമെന്ന് ചീഫ് ജസ്റ്റിസ് വ്യതമാക്കിയത്.

കേസില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഇതുവരെ ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരുന്നു. എന്നാല്‍ ഇന്ന് തുഷാര്‍ മേത്തയുടെ ജൂനിയര്‍ അഭിഭാഷകന്‍ രജത് നായരാണ് കോടതിയില്‍ ഹാജരായത്. സോളിസിസ്റ്റര്‍ ജനറല്‍ മറ്റൊരു കോടതിയില്‍ ഹാജരാകുന്നതിനാലാണ് ഇന്ന് ഹാജകാകാത്തതെന്നും രജത് കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയ സോളിസിറ്ററിന്റെ അഭിപ്രായമാണ് കേള്‍ക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Tags:    

Similar News