ബ്രാഹ്മണനായത് കൊണ്ടല്ല, സ്പീക്കറായത് കൊണ്ടാണ് നിങ്ങളെ ബഹുമാനിക്കുന്നതെന്ന് കപില്‍ സിബല്‍

ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ആഘോഷം അപലപനീയമാണെന്ന് മാത്രമല്ല ഏറെ ഭയാനകമാണെന്നും മേവാനി പറഞ്ഞു.

Update: 2019-09-11 13:21 GMT

ന്യൂഡല്‍ഹി:  ബ്രാഹ്മണര്‍ ജന്മനാല്‍ ഉയര്‍ന്ന മൂല്യമുള്ളവരാണെന്ന ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. ഈ മനസ്ഥിതിയാണ് അനീതി നിറഞ്ഞ ജാതി ഇന്ത്യയെ വളര്‍ത്തുന്നതെന്നും ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായത് കൊണ്ടല്ല, നിങ്ങള്‍ ലോക്‌സഭാ സ്പീക്കറായത് കൊണ്ടാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്താണ് ഓംബിര്‍ള ബ്രാഹ്മണര്‍ ജന്മം കൊണ്ട് ഉയര്‍ന്നവരാണെന്ന് പറഞ്ഞത്.

'ബ്രാഹ്മണ സമുദായം എപ്പോഴും മറ്റു സമുദായങ്ങളെ നയിക്കുന്നതില്‍ കാര്യക്ഷമത കാണിക്കാറുണ്ട്. മാത്രമല്ല ഈ രാജ്യത്തെ ഭരിക്കുന്നതില്‍ പ്രധാന പങ്കും അവര്‍ വഹിച്ചിട്ടുണ്ട്. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് എപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഏതെങ്കിലുമൊരു ഗ്രാമത്തിലോ മറ്റോ ബ്രാഹ്മണര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുടെ അര്‍പ്പണ ബോധവും സേവന മനോഭാവവും കാരണം അവര്‍ക്കായിരിക്കും എപ്പോഴും അവിടെ ഉന്നത സ്ഥാനം. അതുകൊണ്ടു തന്നെ അവര്‍ ജന്മനാല്‍ ഉയര്‍ന്ന മൂല്യമുള്ളവരാണ്.' ഓം ബിര്‍ള പറഞ്ഞു.

ഓം ബിര്‍ളയുടെ ജാതി പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ആഘോഷം അപലപനീയമാണെന്ന് മാത്രമല്ല ഏറെ ഭയാനകമാണെന്നും മേവാനി പറഞ്ഞു. പ്രസ്താവനയില്‍ ബിര്‍ളക്കെതിരെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പരാതി നല്‍കുമെന്ന് പിയുസിഎല്‍ നേതാവ് കവിത ശ്രീവാസ്തവ പ്രതികരിച്ചിരുന്നു.

Tags:    

Similar News