കവര്‍ച്ച ചെയ്യപ്പെട്ടത് സിപിഎമ്മിന്റെ ഹവാല പണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

ആകെ നാലുകോടിയോളം രൂപ കടത്തിയെന്നാണ് ആരോപണമെന്നും ഈ പണത്തിന്റെ ഉടവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ബിജെപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2021-06-19 12:44 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഒഴുക്കിയ ഹവാല പണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന് ബിജെപി പരാതി നല്‍കി. ഒല്ലൂരില്‍ കവര്‍ച്ച ചെയ്യപ്പെട്ട ഹവാല പണം സിപിഎമ്മിന്റേതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി എത്തിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് ബിജെപി പരാതിയില്‍ ആരോപിക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കും കേസുമായി ബന്ധമുണ്ട്. എന്നാല്‍ ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ കടുത്ത രാഷ്ട്രീയ പ്രേരണയില്‍ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമമാണ് ലോക്കല്‍ പോലിസ് നടത്തുന്നതെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഒന്നേകാല്‍ കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആകെ നാലുകോടിയോളം രൂപ കടത്തിയെന്നാണ് ആരോപണമെന്നും ഈ പണത്തിന്റെ ഉടവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ബിജെപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍എസ് രാജീവാണ് പരാതി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം കോടികളാണ് കേരളത്തില്‍ ഒഴുക്കിയതെന്നും അദ്ദേഹം പറഞ്ഞു.