മലബാര്‍സമരത്തെ വര്‍ഗീയ കലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ അസംബന്ധം: കെ കെ എന്‍ കുറുപ്പ്

ഖിലാഫത്തിന്റെ ഭാഗമായി തെക്കെ മലബാറില്‍ പൊട്ടിപ്പുറപ്പെട്ട സമരത്തെ ഗാന്ധിജി തള്ളിപ്പറഞ്ഞെങ്കിലും ആ സമരങ്ങളില്‍ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു മലബാര്‍ സമരം.

Update: 2021-12-26 12:58 GMT

കുറ്റ്യാടി: മലബാര്‍ സമരത്തെ വര്‍ഗീയ കലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്നും ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് ഖിലാഫത്ത് സമരമെന്നും കെ കെ എന്‍ കുറുപ്പ്. ഖിലാഫത്തിന്റെ ഭാഗമായി തെക്കെ മലബാറില്‍ പൊട്ടിപ്പുറപ്പെട്ട സമരത്തെ ഗാന്ധിജി തള്ളിപ്പറഞ്ഞെങ്കിലും ആ സമരങ്ങളില്‍ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു മലബാര്‍ സമരം. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും ഭൂഉടമകള്‍ക്കും അനീതിക്കുമെതിരേയുമുള്ള സായുധ കലാപമെന്ന നിലയില്‍ വിലയിരുത്തുമ്പോഴാണ് അതിന്റെ ഗൗരവം ബോധ്യപ്പെടുക. 1857ലെ ഒന്നാം സ്വാതന്ത്രസമരത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കലാപമാണ് 1921ലേത്. അതുകൊണ്ടുതന്നെ ഇതിന്റെ നൂറാം വാര്‍ഷികം തികച്ചും അനിവാര്യമാണ്. ഗ്രാമങ്ങള്‍ തോറും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികാചരണത്തിന്റെ മെഗാ പബ്ലിക് മീറ്റിങ്ങില്‍ ഓണ്‍ലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റഷ്യന്‍ കലാപത്തെയും ഫ്രഞ്ച് കലാപത്തെയും ചൈനീസ് കലാപത്തെയുമൊന്നും വിലയിരുത്തുന്നത് വര്‍ഗീയമായിട്ടല്ല കൊളോണിയല്‍ ദുര്‍ഭരണത്തിനെതിരേ നടന്ന സായുധ കലാപമായിട്ടാണ്.


എന്നാല്‍, മലബാര്‍ സമരത്തിനിടെ നടന്ന അപൂര്‍വം ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സമരത്തെ പൂര്‍ണമായും അവഗണിക്കുന്നത് തെറ്റായ പ്രവണതയാണ്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ വര്‍ഗീയ ലഹളയായിട്ടാണ് ചിത്രീരിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ജന്മി നാടുവാഴിത്തത്തിന് എതിരേയായിരുന്നു 1921ലെ സമരമെന്നു വസ്തുതകള്‍ വച്ചു പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ചരിത്രപരമായ വസ്തുതകളാണ് നമ്മുടെ വര്‍ത്തമാനത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്നത്. തെക്ക മലബാറിലെ ഗ്രാമങ്ങളെ ഇന്ത്യാ ചരിത്രത്തില്‍ ഓര്‍ക്കുന്നതിനു കാരണമായ സംഭവങ്ങളായിരുന്നു 1921ലെ മലബാര്‍ സമരം. മലബാര്‍ സമരത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമടങ്ങുന്ന അടിസ്ഥാന വര്‍ഗങ്ങളായിരുന്നു പങ്കെടുത്തത്. പക്ഷെ അതു പരിഗണിക്കാതെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈനവില്‍ ഉദ്ഘാടനം ചെയ്തു.


മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അബ്ദുല്‍ഹമീദ് വാണിയമ്പലം, കെ ടി ഹനീഫ്, വി ആര്‍ അനൂപ്, റാനിയ സുലൈഖ, ടി ശാക്കിര്‍, പി അബ്ദുല്‍ ഹമീദ്, ഖാലിദ് മൂസ നദ്‌വി, അബ്ദുല്ല സല്‍മാന്‍, എന്‍ കെ റഷീദ് ഉമരി, പി അമ്മദ് മാസ്റ്റര്‍, കെ എസ് ബഷീര്‍ സംസാരിച്ചു.




Tags:    

Similar News