ഐഎന്‍എല്‍: പിളര്‍പ്പിനു പിന്നില്‍ സിപിഎം ഒളിയജണ്ടകള്‍; അനുരഞ്ജന നീക്കങ്ങളിലും സിപിഎം തിരക്കഥ

കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് കേരള ഘടകത്തിലുണ്ടായ പിളര്‍പ്പിനു പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കങ്ങളെന്ന ആരോപണം ബലപ്പെടുന്നു. സിപിഎമ്മിന് അനഭിമതരായ ഐഎന്‍എല്‍ അഖിലേന്ത്യാ നേതൃത്വത്തെ ഒഴിവാക്കി സ്വതന്ത്ര കേരള ഐഎന്‍എല്‍ ആക്കി മാറ്റാനുള്ള സിപിഎം അന്തര്‍ നാടങ്ങളാണ് അനുരഞ്ജന നീക്കങ്ങളിലും അരങ്ങേറുന്നത്.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വഹാബ് പക്ഷം പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതെന്നാണ് പുറത്തു വരുന്ന വിരങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ച് അഖിലേന്ത്യാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ വഹാബ് പക്ഷം രംഗത്തു വന്നതിനു പിന്നില്‍ സിപിഎം താല്‍പര്യം വ്യക്തമാണ്. ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളെ എപ്പോഴും എതിര്‍ക്കുകയും എല്ലാ കാലത്തും സിപിഎമ്മിനെ നിരുപാധികം പിന്തുണക്കുകയും ചെയ്യുന്ന സംഘടനയുടെ നേതാവ് ഐഎന്‍എല്‍ വിഭാഗീയതയില്‍ അനുരഞ്ജനവുമായി പൊടുന്നനെ രംഗത്തെത്തിയതും സിപിഎം തിരക്കഥ തന്നെയെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷവും ഒടുവില്‍ വിലയിയുത്തുന്നത്.
ഐഎന്‍എല്‍ പിളര്‍പ്പില്‍ പുറമെ സമദൂര നിലപാട് സ്വീകരിക്കുമ്പോഴും വഹാബ് പക്ഷത്തിന് അനുകൂലമായ കൃത്യമായ സമീപനമായിരുന്നു സിപിഎമ്മിന്റേത്. സിപിഎം കോഴിക്കോട്, കാസര്‍കോഡ് ജില്ലാ കമ്മിറ്റികളും എളമരം കരീം അടക്കമുള്ള നേതാക്കളും നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്റെ ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ചാണ് വഹാബ് പക്ഷത്തെ പിന്തുണക്കാന്‍ സിപിഎം തീരുമാനിച്ചത്.
25 വര്‍ഷത്തേിലേറെ ഐഎന്‍എല്ലിന് ഇടതു മുന്നണിയില്‍ പ്രവേശനം അനുവദിക്കാതിരുന്നതിന്റെ യഥാര്‍ഥ കാരണവും പ്രഫ. മുഹമ്മദ് സുലൈമാന്‍ അടക്കമുള്ള ദേശീയ നേതൃത്വം സിപിഎമ്മിന് അനഭിമതരാണ് എന്നതായിരുന്നു. സിപിഎമ്മിന്റെ ഈ മനസ്സിലിരിപ്പ് തിരിച്ചറിഞ്ഞ വഹാബ് പക്ഷം മുന്നണി പ്രവേശനത്തിനായി അഖിലേന്ത്യാ നേതൃത്വത്തെ തള്ളിപ്പറയാന്‍ അന്നു തന്നെ സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് മറു വിഭാഗം ആരോപിക്കുന്നത്.
ഐ എന്‍ എല്‍ ഭരണഘടന പ്രകാരം സംസ്ഥാന പ്രസിഡന്റാണ് പാര്‍ട്ടിയുടെ പരമാധികാരി എന്ന സാങ്കേതികത്വം ഉയര്‍ത്തിപ്പിടിച്ചാണ് വഹാബ് പക്ഷത്തിനുള്ള സിപിഎം പിന്തുണ.
അതേസമയം, ഒരു വെടിക്ക് ഒട്ടേറെ പക്ഷികള്‍ എന്ന കാഴ്ചപ്പാടും സിപിഎമ്മിനുണ്ട്. വഹാബ് പക്ഷത്തോട് നിരുപാധിക വിട്ടു വീഴ്ചക്ക് കാസിം വിഭാഗം തയാറാവുന്നില്ലെങ്കില്‍ അവര്‍ക്ക് മുന്നണിയില്‍ നിന്ന് പുറത്തു പോവേണ്ടി വരുമെന്നതാണ് സാഹചര്യം. അങ്ങിനെ വരുമ്പോള്‍ പിടിഎ റഹീമിനെ പകരം മന്ത്രിയാക്കാമെന്നും മറ്റുമാണ് കണക്കു കൂട്ടല്‍.
പാര്‍ട്ടി പിളര്‍ന്നാല്‍ രണ്ടു വിഭാഗത്തേയും പുറത്തു നിര്‍ത്തുന്ന രീതിയാണ് സിപിഎം നേരത്തെ സ്വീകരിച്ചത്. എന്നാല്‍, ഐഎന്‍എല്ലില്‍ സംസ്ഥാന പ്രസിഡന്റിന്റെ വിഭാഗത്തെ മുന്നണിയില്‍ നില നിര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
അനുരഞ്ജന നീക്കങ്ങളുമായി രംഗത്തുള്ള സംഘടനയുടെ നിഷ്പക്ഷതയിലും ചില കേന്ദ്രങ്ങള്‍ക്ക് സംശയമുണ്ട്. ഐഎന്‍എല്‍ അഖിലേന്ത്യാ നേതൃത്രത്തിനെതിരായ കൃത്യമായ നിലപാടുകളാണ് അനുരഞ്ജന ശ്രമം നടത്തുന്ന സംഘടനയുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രചരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ജീവകാരുണ്യ വിഭാഗമായ റിഹാബ് ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ് എഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ എന്നതടക്കമുള്ള പ്രചാരണങ്ങല്‍ക്ക് ഈ കേന്ദ്രങ്ങള്‍ ഊന്നല്‍ നല്‍കുന്നത് സിപിഎം താല്‍പര്യം കൂടി പരിഗണിച്ചാണെന്നാണ് ആക്ഷേപം. ഐഎന്‍എല്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ആസ്ഥാനത്തെ സ്ഥിര താമസക്കാരനാണെന്നതടക്കമുള്ള ഇപ്പോഴത്തെ പ്രചാരങ്ങളും യാദൃച്ഛികമല്ല.
ചൊവ്വാഴ്ച കോഴിക്കോട്ട് ചെരാനിരുന്ന വഹാബ് വിഭാഗത്തിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റി വച്ചിട്ടുണ്ട്. കാസിം ഇരിക്കൂര്‍ വിട്ടു വീഴ്ചക്കു തയാറായാലും അഖിലേന്ത്യാ നേതൃത്വവുമായി വിട്ടു വീഴ്ചക്കില്ലെന്ന വഹാബ് പക്ഷത്തിന്റെ സമീപനം ദേശീയ ഭാരവാഹികൂടിയായ മന്ത്രി അഹ്മദ് ദേവര്‍കോവിലിന് കടുത്ത വെല്ലുവിളിയാണ്.