ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി റോക്കറ്റ് വിക്ഷേപണം വിജയകരം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

Update: 2023-02-10 05:42 GMT

ചെന്നൈ: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റായ എസ്എസ്എല്‍വി- ഡി 2ന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.18 ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് മിനി ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്‍ എസ്എസ്എല്‍വി ബഹിരാകാശത്തെത്തിച്ചത്. ഇന്ത്യയിലുടനീളമുള്ള 750 പെണ്‍കുട്ടികള്‍ വികസിപ്പിച്ചെടുത്ത 8.7 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ സ്‌പേസ് കിഡ്‌സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എല്‍വി ലക്ഷ്യമിട്ടത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം എസ്എസ്എല്‍വി ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ അഭിമാന വാഹനമായ പിഎസ്എല്‍വിയുടെ ചെറുപതിപ്പായാണ് എസ്എസ്എല്‍വിയെ കണക്കുകൂട്ടുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നടന്ന എസ്എസ്എല്‍വിയുടെ ആദ്യവിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്റെ ആക്‌സിലറോമീറ്ററിലുണ്ടായ തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഇറങ്ങിയത്. ദൗത്യം വിജയിച്ചതോടെ വാണിജ്യവിക്ഷേപണ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് എസ്എസ്എല്‍വി പുതിയ മുതല്‍ക്കൂട്ടാവും. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ലോഞ്ച് ഓണ്‍ ഡിമാന്‍ഡ് അടിസ്ഥാനത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ എസ്എസ്എല്‍വി സഹായിക്കുന്നു. ഇത് ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാനാവും.

Tags:    

Similar News