ഇന്ത്യന്‍ പോലിസുകാര്‍ക്ക് പരിശീലനം നല്‍കുന്നതിനെതിരേ ഇസ്രായേലിലെ ആക്റ്റിവിസ്റ്റുകള്‍

ഇന്ത്യന്‍ പോലിസ് ഉദ്യോഗസ്ഥരെ കുറിച്ച് പരിശീലനത്തിനു മുമ്പ് അന്വേഷിക്കുന്നതും സ്‌ക്രീന്‍ ചെയ്യുന്നതും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായി കണക്കാക്കപ്പെടുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നുമായിരുന്നു ഇസ്രായേല്‍ സര്‍ക്കാരിന്റെ വാദം

Update: 2020-09-25 17:57 GMT

ടെല്‍ അവീവ്: കശ്മീരില്‍ മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും കടുത്ത ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ നിന്ന് ഇസ്രായേല്‍ സുരക്ഷാ സേനയെ തടയണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലെ ആക്റ്റിവിസ്റ്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചു. 40 ഓളം ആക്ടിവിസ്റ്റുകളാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രിംകോടതിയില്‍ നല്‍കി പരാതിയിലൂടെ ഞങ്ങള്‍ കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേലിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സിഗല്‍ കൂക് അവിവി അല്‍ ജസീറയോട് പറഞ്ഞു.

    ഇന്ത്യന്‍ പോലിസ് സേനയ്ക്ക് പരിശീലനം നല്‍കുന്നതിനു മുമ്പായി സേനാംഗങ്ങള്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പങ്കാളിയായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന ഇവരുടെ ആവശ്യം ഇസ്രായേല്‍ പോലിസും ആഭ്യന്തര വകുപ്പും നേരത്തേ തള്ളിയിരുന്നു. പരാതി തള്ളിക്കളയണമെന്ന് മെയ് മാസം ഇസ്രായേല്‍ സര്‍ക്കാര്‍ സുപ്രിംകോടതിയോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പോലിസ് ഉദ്യോഗസ്ഥരെ കുറിച്ച് പരിശീലനത്തിനു മുമ്പ് അന്വേഷിക്കുന്നതും സ്‌ക്രീന്‍ ചെയ്യുന്നതും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായി കണക്കാക്കപ്പെടുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നുമായിരുന്നു ഇസ്രായേല്‍ സര്‍ക്കാരിന്റെ വാദം.

    2014 ലാണ് ഇസ്രായേലും ഇന്ത്യയും ആഭ്യന്തര സുരക്ഷാ മേഖലയില്‍ പരസ്പര സഹകരണത്തിനുള്ള സമഗ്ര കരാറില്‍ ഒപ്പുവച്ചത്. സംഘടിത കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത്, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെതിരേ പരസ്പരം സഹകരിക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇസ്രായേലില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടതി പരാതി പരിഗണിക്കുന്നത് വൈകുമെന്നാണു സൂചന.

    'ലോകപൗരന്‍മാരെന്ന നിലയില്‍, നിങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അജ്ഞരല്ല. ഞങ്ങള്‍ അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും ഇസ്രായേലിലെ ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അവിവി പറഞ്ഞു. ഇസ്രായേല്‍ സുരക്ഷാ സേന ഫലസ്തീനികള്‍ക്കെതിരേ അമിത ബലപ്രയോഗം നടത്തുകയും നിയമവിരുദ്ധമായി ഇസ്രായേല്‍ കൈവശം വച്ചിട്ടുള്ള പ്രദേശങ്ങളില്‍ അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നതായി അന്താരാഷ്ട്ര പൗരാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. കശ്മീരിയില്‍ ക്രമസമാധാനപാലനത്തിലല്ല, മറിച്ച് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഒരു ജനതയെ അടിച്ചമര്‍ത്താനാണ് അവിടെ നിയോഗിക്കുന്നതെന്നും ലഫായെറ്റ് കോളജിലെ ചരിത്ര വിഭാഗം പ്രഫസര്‍ ഹഫ്‌സ കാഞ്ച്വാള്‍ അല്‍ ജസീറയോട് പറഞ്ഞു. കശ്മീരിലെ ഇന്ത്യന്‍ പോലിസ് സേന യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അങ്ങേയറ്റം നികൃഷ്ടമായ ഒരു സ്ഥാപനമാണെന്നും പ്രഫസര്‍ ഹഫ്‌സ കാഞ്ച്വാള്‍ പറഞ്ഞു.

Israelis appeal against training of India police accused of abuse




Tags: