ജോര്‍ദാന്‍ അതിര്‍ത്തിയില്‍ മലയാളിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നു

Update: 2025-03-02 08:06 GMT

തിരുവനന്തപുരം: സന്ദര്‍ശക വീസയില്‍ ജോര്‍ദാനിലെത്തിയ മലയാളി ഇസ്രായേലിലേക്ക് കടക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മേനംകുളം സ്വദേശി എഡിസണ്‍ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികള്‍ ഇസ്രായേലില്‍ ജയിലില്‍ ആണെന്നാണ് വിവരം.

സംഘം ഇസ്രായേലിലേക്ക് കടക്കുന്നത് തടയാന്‍ സൈന്യം ശ്രമിക്കവേ ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലില്‍ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോര്‍ദാന്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയില്‍നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് പരുക്കേറ്റ എഡിസണ്‍ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്.

സമീപ വാസികളായ ഗബ്രിയേല്‍ പെരേരയും എഡിസണും ഒന്നിച്ചാണ് ജോര്‍ദാനിലെത്തിയത്. അതേസമയം, ഇവര്‍ ടൂറിസ്റ്റ് വീസയിലാണ് പോയതെന്നാണ് ഗബ്രിയേലിന്റെ കുടുംബം പറയുന്നത്. തലയ്ക്കു വെടിവച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇവരെ ഇസ്രയേലിലേക്ക് കടത്താന്‍ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പോലിസും ഇന്റലിജന്‍സും അന്വേഷണമാരംഭിച്ചു.