അല്‍അഖ്‌സയില്‍ ജൂതരുടെ മൗന പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കി ഇസ്രായേല്‍ കോടതി

അല്‍ അഖ്‌സ സമുച്ചയത്തിലെ നിശബ്ദ പ്രാര്‍ത്ഥനയെ 'ക്രിമിനല്‍ പ്രവൃത്തി' ആയി കണക്കാക്കാനാവില്ലെന്ന് ജറുസലേം മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ബില്‍ഹ യഹലോം പറഞ്ഞതായി ഇസ്രായേല്‍ ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-10-07 18:23 GMT

ജെറുസലേം: അധിനിവിഷ്ട കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് സമുച്ചയത്തില്‍ ജൂതന്മാരുടെ മൗന പ്രാര്‍ത്ഥന ഒരു 'ക്രിമിനല്‍ നടപടിയല്ല' എന്ന് വിധിച്ച് ഇസ്രായേല്‍ കോടതി. അല്‍ അഖ്‌സ സമുച്ചയത്തിലെ നിശബ്ദ പ്രാര്‍ത്ഥനയെ 'ക്രിമിനല്‍ പ്രവൃത്തി' ആയി കണക്കാക്കാനാവില്ലെന്ന് ജറുസലേം മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ബില്‍ഹ യഹലോം പറഞ്ഞതായി ഇസ്രായേല്‍ ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു.

ഈ പ്രദേശത്തേക്കുള്ള തന്റെ സന്ദര്‍ശനത്തെ പോലിസ് വിലക്കുന്നതിനെതിരേ റബ്ബി ആര്യേ ലിപ്പോ നല്‍കിയ ഹരജിയിലാണ് ഈ വിധി. വിലക്ക് വെട്ടിക്കുറയ്ക്കാനും റബ്ബിയെ തന്റെ പ്രാര്‍ത്ഥനയിലേക്ക് മടങ്ങാന്‍ അനുവദിക്കാനും ജഡ്ജി പോലിസിനോട് ആവശ്യപ്പെട്ടു.

'ടെമ്പിള്‍ മൗണ്ടിലെ അദ്ദേഹത്തിന്റെ ദൈനംദിന വരവ് സൂചിപ്പിക്കുന്നത് ഇത് അദ്ദേഹത്തിന് തത്വത്തിന്റെയും സത്തയുടെയും വിഷയമാണെന്നാണ്'- അല്‍അഖ്‌സ സമുച്ചയത്തിന്റെ ഹീബ്രു നാമം ഉപയോഗിച്ച് ജഡ്ജി പറഞ്ഞു.

അല്‍അക്‌സ പള്ളി കോമ്പൗണ്ടിലെ ജൂത പ്രാര്‍ത്ഥനയെ പിന്തുണയ്ക്കുന്ന ഒരു ഇസ്രായേല്‍ കോടതിയുടെ ആദ്യ തീരുമാനമാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്. അടുത്തിടെ, ഇസ്രായേലി കുടിയേറ്റക്കാര്‍ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ മൗന പ്രാര്‍ത്ഥനകള്‍ നടത്താന്‍ ആരംഭിച്ചിരുന്നു.വിധിയെ വലതുപക്ഷ ഇസ്രായേലി അഭിഭാഷകന്‍ മോഷെ പോള്‍സ്‌കി സ്വാഗതം ചെയ്തു.