ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്

Update: 2024-04-17 18:22 GMT

ലബനാന്‍: ലബനാന്റെ ഉള്‍പ്രദേശമായ ബേകാ താഴ്‌വരയ്ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം. ഹിസ്ബുല്ലയുടെ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രായേല്‍ ആര്‍മി റേഡിയോ. ഇന്നുച്ചക്കാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 14 സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. പശ്ചിമ ഗലിലീയിലെ കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ലബനാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ പോരാട്ടം തുടരുകയാണ്. ഒറ്റപ്പെട്ട രീതിയിലുണ്ടായിരുന്ന ആക്രമണം ഇന്നത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു. നാല് മിസൈലുകളാണ് പശ്ചിമ ഗലീലിയില്‍ പതിച്ചത്. ഈ മിസൈലുകളെ കണ്ടെത്താനോ തടയാനോ അയണ്‍ ഡോം സിസ്റ്റത്തിന് സാധിച്ചില്ല.

ഇതിനിടെ ഗസയില്‍ താല്‍ക്കാലിക തുറമുഖം നിര്‍മിക്കാനുള്ള ഉത്പന്നങ്ങളുമായി പോയ അമേരിക്കന്‍ കപ്പലിന് തീപിടിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമായതെന്ന് വ്യക്തമല്ല. ഇസ്രായേല്‍ സുരക്ഷക്ക് വേണ്ടതു ചെയ്യുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. ഞായറാഴ്ച ഇസ്രായേലിന് നേരെ ഇറാനും മിസൈല്‍ ആക്രമണം നടത്തിയിരുന്നു.




Similar News