ഇസ്രായേലിന് തിരിച്ചടി കൊടുക്കും; യുഎസിനോട് മാറി നില്‍ക്കാന്‍ ഇറാന്‍; യുദ്ധത്തിനു തയ്യാറായി ഹിസ്ബുള്ള

Update: 2024-04-06 04:55 GMT

ടെഹ്‌റാന്‍: സിറിയയിലെ ഇറാന്‍ എംബസിയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇറാന്‍. വിഷയത്തില്‍ ഇടപെടരുതെന്നു യുഎസിനോട് ഇറാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുദ്ധത്തിനു തയ്യാറാണെന്ന് ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള മുന്നറിയിപ്പു നല്‍കി.

'നെതന്യാഹുവിന്റെ കെണിയില്‍ വീഴരുതെന്നു യുഎസിന് ഇറാന്‍ മുന്നറിയിപ്പു നല്‍കി' എന്ന് ഇറാനിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി എക്‌സില്‍ വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരാമര്‍ശിച്ചാണു മുന്നറിയിപ്പ്. ഇതിനു മറുപടിയായി അമേരിക്കയുടെ ലക്ഷ്യങ്ങള്‍ ആക്രമിക്കരുതെന്ന് യുഎസ് മറുപടി നല്‍കിയതായും ജംഷിദി വ്യക്തമാക്കി. എന്നാല്‍ വാഷിങ്ടന് അയച്ചെന്ന് ഇറാന്‍ അവകാശപ്പെടുന്ന രേഖാമൂലമുള്ള സന്ദേശം സംബന്ധിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎസ് അതീവ ജാഗ്രതയിലാണെന്നും മേഖലയിലെ ഇസ്രായേലിന്റെയോ അല്ലെങ്കില്‍ അമേരിക്കയുടെയോ ലക്ഷ്യങ്ങള്‍ക്കെതിരെ ഇറാനില്‍നിന്ന് ആക്രമണം നേരിടാന്‍ തയ്യാറെടുക്കുകയാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെയന്നും സൈനികര്‍ക്കു നേരെയോ രഹസ്യന്വേഷണ വിഭാഗങ്ങള്‍ക്കു നേരെയോ ആകാം ആക്രമണമെന്നുമാണു യുഎസ് കണക്കുകൂട്ടുന്നതെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

ഡമാസ്‌കസിലെ മെസെ ജില്ലയിലുള്ള ഇറാന്‍ എംബസിക്കു നേരെയാണു തിങ്കളാഴ്ച ആക്രമണമുണ്ടായത്. എന്നാല്‍ ഇതു സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് ഇറാനെ യുഎസ് അറിയിച്ചെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്നത് അസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലുള്ള യുഎസ് താവളങ്ങള്‍ക്കും സേനകള്‍ക്കും നേരെ ആക്രമണമുണ്ടാകുന്നതു തടയാനാണു യുഎസ് ശ്രമം.

ബദ്ധശത്രുവായ ഇസ്രായേലിന് 'അടി' നല്‍കുമെന്ന് ഇറാന്‍ പറയുമ്പോഴും ഇതു നേരിട്ടാണോ അതോ ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള പോലുള്ള ഗ്രൂപ്പുകളിലൂടെയാണോ എന്ന കാര്യം വ്യക്തമല്ല. സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരാണു കൊല്ലപ്പെട്ടത്. പ്രധാന എംബസി കെട്ടിടത്തോടു ചേര്‍ന്നുള്ള ഓഫിസ് സമുച്ചയം തകര്‍ന്നടിഞ്ഞു.

ഹമാസ് ഗസയില്‍ നടത്തുന്ന തിരിച്ചടിക്കും ഇറാനില്‍നിന്നുള്ള ഭീഷണിക്കും മറുപടിയാണ് ഈ ആക്രമണമെന്നാണു വിലയിരുത്തല്‍. സഹേദിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു കരുതുന്നതായി ഇറാന്‍ പ്രതികരിച്ചു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സിറിയയില്‍ മുന്‍പും ആക്രമണം നടത്തിയിരുന്നു. ഇറാനില്‍നിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രായേല്‍ ശ്രമമെന്നും വിലയിരുത്തലുണ്ട്.

പ്രത്യാക്രമണം പ്രതീക്ഷിക്കുന്ന ഇസ്രായേല്‍ കടുത്ത ജാഗ്രതയിലാണ്. യുദ്ധ സൈനികര്‍ക്കുള്ള അവധി റദ്ദാക്കുകയും റിസര്‍വ് സൈനികരെ വിളിച്ചുവരുത്തുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ഇറാനില്‍നിന്നുള്ള പ്രതികരണം തീര്‍ച്ചയായും വരുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ല വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍ തന്റെ സംഘം ഇത്തരം തീരുമാനങ്ങളില്‍ ഇടപെടില്ലെന്നും പക്ഷേ ഇസ്രായേലുമായുള്ള ഏത് യുദ്ധത്തിനും ഹിസ്ബുല്ല പൂര്‍ണമായും സജ്ജമാണെന്നും നസ്‌റല്ല പറഞ്ഞു.








Tags:    

Similar News