ഗസ മുനമ്പിലെ കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ വചനം; ഇസ്രായേലിനെതിരേ പ്രതിഷേധം ശക്തം

ചൊവ്വാഴ്ച രാവിലെ ഇസ്രായേലിന്റെ അറബി ഭാഷയിലുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലാണ് ഗസയിലെ അതിക്രമങ്ങള്‍ക്ക് ഖുര്‍ആന്‍ വാചകങ്ങളെ മറയാക്കിയിരിക്കുന്നത്.

Update: 2021-05-19 13:57 GMT

തെല്‍ അവീവ്: ഉപരോധത്തില്‍ കഴിയുന്ന ഗസാ മുനമ്പില്‍ അധിനിവേശ സൈന്യം നടത്തുന്ന കൂട്ടക്കുരുതിയെ ഖുര്‍ആന്‍ വചനം കൊണ്ട് ന്യായീകരിക്കാനുള്ള ഇസ്രായേല്‍ ശ്രമത്തിനെതിരേ കടുത്ത പ്രതിഷേധവുമായി മുസ്‌ലിം ലോകം. ചൊവ്വാഴ്ച രാവിലെ ഇസ്രായേലിന്റെ അറബി ഭാഷയിലുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലാണ് ഗസയിലെ അതിക്രമങ്ങള്‍ക്ക് ഖുര്‍ആന്‍ വാചകങ്ങളെ മറയാക്കിയിരിക്കുന്നത്. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ബഹുനില കെട്ടിടത്തില്‍നിന്നു കറുത്ത പുകച്ചുരുള്‍ ഉയരുന്ന ചിത്രത്തിനൊപ്പം ഖുര്‍ആനിലെ ഫീല്‍ (ആന) എന്ന അധ്യായത്തിലെ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്.

ഇസ്രായേല്‍ സൈന്യത്തെ അബാബീബല്‍ പക്ഷികളുമായും ഹമാസിനെ ആന സൈന്യവുമായും താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഇസ്രായേലിന്റെ ട്വീറ്റ്. ഇതിനെതിരേ മുസ്‌ലിം ലോകത്ത് നിന്ന് കടുത്ത വിമര്‍ശനമാണുയരുന്നത്.

അറേബ്യയിലെ ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പുള്ള ഒരു കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഖുര്‍ആനിലെ ഫീല്‍ (ആന) എന്ന അധ്യായം. കഅ്ബ പൊളിക്കുന്നതിനായി ആനകളുമായി വിശുദ്ധ നഗരമായ മക്കയിലേക്ക് മാര്‍ച്ച് നടത്തിയ സൈന്യത്തെ അബാബീല്‍ പക്ഷികളെകൊണ്ട് പരാജയപ്പെടുത്തുന്ന ചരിത്ര സംഭവമാണ് ഈ അധ്യായത്തില്‍ വിവരിക്കുന്നത്.

തുടര്‍ന്നുള്ള ട്വീറ്റില്‍ ഇങ്ങനെ പറയുന്നു: 'അസത്യത്തിനു മേല്‍ നീതി നടപ്പാക്കുന്നവരെ പിന്തുണയ്ക്കാനുള്ള ദൈവത്തിന്റെ കഴിവിന്റെ ഓര്‍മ്മപ്പെടുത്തലാണിത്, പ്രത്യേകിച്ചും ഹമാസ് ഇറാന്റെ കൈ ആയി ഈ പ്രദേശത്തെ കത്തിക്കാന്‍ ശ്രമിക്കുന്നു. സൈന്യം ഗസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നു'.

അതേസമയം, മെയ് 10 ന് ആരംഭിച്ച ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ ഇതുവരെ 61 കുട്ടികളും 36 സ്ത്രീകളും ഉള്‍പ്പെടെ 217 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടു.

Tags:    

Similar News