ജറുസലേമില്‍നിന്ന് 400 ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രായേല്‍

80 ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന 28 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ അധിനിവേശ അധികൃതര്‍ തീരുമാനമെടുത്തതായി ജറുസലേം അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ഫക്രി അബു ദിയാബ് പറഞ്ഞു.

Update: 2020-11-20 15:36 GMT

ജറുസലേം: കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറാ പരിസരത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 400 ഫലസ്തീനികളെ വീടുകളില്‍ നിന്ന് ബലമായി കുടിയൊഴിപ്പിക്കാന്‍ ഒരുങ്ങി ഇസ്രായേല്‍ അധിനിവേശ ഭരണകൂടം. ഇതു സംബന്ധിച്ച ഉത്തരവ് അധികൃതര്‍ പുറപ്പെടുവിച്ചു.

80 ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന 28 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ അധിനിവേശ അധികൃതര്‍ തീരുമാനമെടുത്തതായി ജറുസലേം അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ഫക്രി അബു ദിയാബ് പറഞ്ഞു. ഇവ ജൂതകുടിയേറ്റക്കാര്‍ക്ക് കൈമാറി അവരില്‍നിന്ന് സൈനിക ബാരക്കുകള്‍ക്കായി ഏറ്റെടുക്കാനാണ് ഇസ്രായേല്‍ തീരുമാനം.

ഈ വസ്തുവകളുടെ ഉടമസ്ഥാവകാശം ജൂത കുടിയേറ്റക്കാര്‍ക്കാണെന്നാണ് ഇസ്രായേല്‍ വാദമെന്ന്അബു ദിയാബ് പറഞ്ഞു. അതേസമയം, 1956 മുതല്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിച്ചുവരുന്ന കെട്ടിടങ്ങളാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ തീരുമാനം കുറ്റകൃത്യവും ആക്രമണവുമാണ്, അത് നഗരത്തില്‍നിന്ന് ഫലസ്തീനികളെ പടിയിറക്കാനും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

അധിനിവിഷ്ട ജറുസലേമിലെ 176 പലസ്തീന്‍ വീടുകള്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇസ്രായേല്‍ സൈന്യം തകര്‍ക്കുകയും വിശുദ്ധ നഗരത്തില്‍ 17,000 സെറ്റില്‍മെന്റ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News