റമദാനില്‍ വീണ്ടും ഇസ്രായേലിന്റെ ചോരക്കളി; ലെബനനിലും ഗസയിലും റോക്കറ്റ് ആക്രമണം

Update: 2023-04-07 07:05 GMT

ഗസ: വിശുദ്ധറമദാനില്‍ ഫലസ്തീനില്‍ വീണ്ടും സംഘര്‍ഷത്തിനു തുടക്കമിട്ട് ഇസ്രായേല്‍. കഴിഞ്ഞ ദിവസം ബൈത്തുല്‍ മുഖദ്ദിസില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കു നേരെ ആക്രമണം നടത്തിയതിനു പിന്നാലെ ഗസയിലും ലെബനനിലും ഇസ്രായേല്‍ റോക്കറ്റ് ആക്രമണം നടത്തി. ലെബനനില്‍നിന്ന് ഇസ്രായേലിലേക്ക് വ്യാപകമായ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അവകാശവാദം. ബുധനാഴ്ച പുലര്‍ച്ചെ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ കടന്നുകയറിയ ഇസ്രയേല്‍ അധിനിവേശ സൈന്യം വിശ്വാസികളെ ആക്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. റമദാന്‍ മാസമായതിനാല്‍ പള്ളിക്കുള്ളില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോഴാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.ഇതിനു തിരിച്ചടിയെന്നോണം ഗസയില്‍ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തെന്നും ഇതേത്തുടര്‍ന്നാണ് ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതെന്നുമാണ് ന്യായീകരണം. ഇസ്രായേല്‍ കടന്നു കയറ്റം കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന് ലെബനനിലുള്ള ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ നമസ്‌കാരത്തിനെത്തിയ യുവാക്കളെ ഗേറ്റില്‍ ഇസ്രായേല്‍ തടയുകയും ചെയ്തിരുന്നു. അതിനിടെ, അഖ്‌സ പള്ളിയിലെത്തിയ വിശ്വാസികള്‍ക്കുനേരെയുണ്ടായ ആക്രമണത്തെ അറബ് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി അപലപിച്ചു.

Tags:    

Similar News