കൊല്ലപ്പെട്ടവരുടെ കരളും വൃക്കയും മോഷ്ടിക്കുന്ന ഇസ്രായേല്‍

Update: 2023-12-28 18:24 GMT

ഗസാ സിറ്റി: കുട്ടികളെന്നോ വൃദ്ധരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ കൊടുംക്രൂരതയില്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്ത്. ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിട്ടുനല്‍കിയ 80 മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നു ലഭിച്ചത്. മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചെന്ന കാര്യം സ്ഥിരീകരിച്ചത്.

    മൃതദേഹങ്ങളില്‍ നിന്ന് സുപ്രധാനമായ അവയവങ്ങള്‍ മോഷ്ടിക്കുന്നതായി യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ജനീവ ആസ്ഥാനമായുള്ള യൂറോമെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ ഗസയിലെ അല്‍ഷിഫ, ഇന്തോനേഷ്യന്‍ ആശുപത്രികളില്‍ നിന്ന് ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം പിടിച്ചെടുത്തതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇത് അവയവമോഷണത്തിനു വേണ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇസ്രായേല്‍ കൊലപ്പെടുത്തിയ ശേഷം സൂക്ഷിച്ചിരുന്ന 80 പേരുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈമാറിയിരുന്നു. വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം. മൃതദേഹങ്ങളില്‍ നടത്തിയ പരിശോധനയില്‍ കരള്‍, വൃക്കകള്‍, ഹൃദയം, കോക്ലിയകള്‍, കോര്‍ണിയകള്‍ തുടങ്ങിയ സുപ്രധാന അവയവങ്ങള്‍ നഷ്ടപ്പെട്ടെന്നു കണ്ടെത്തുകയായിരുന്നു. ഗസയിലെ മെഡിക്കല്‍ വിദഗ്ധരുടെ പരിശോധനയിലാണ് അവയവമോഷണം വ്യക്തമായതെന്ന് ഗസ സര്‍ക്കാരിന്റെ മീഡിയ ഓഫിസ് അറിയിച്ചു.

   Full View

    ഇസ്രായേല്‍ വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൊല്ലപ്പെട്ടവരുടെ പേരുകളോ അവരെ തട്ടിക്കൊണ്ടുപോയ സ്ഥലങ്ങളോ വ്യക്തമാക്കാന്‍ അധിനിവേശ ഭരണകൂടം തയ്യാറായില്ലെന്നും ഗസ മീഡിയ ഓഫിസ് അറിയിച്ചു. അല്‍ഷിഫാ ആശുപത്രിയിലെ ഒരു അങ്കണത്തിലെ കൂട്ടക്കുഴിമാടത്തില്‍ നിന്ന് ഇസ്രായേല്‍ അധിനിവേശ സൈന്യം മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നതായി നേരത്തേ ആശുപത്രി ജീവനക്കാരനും വെളിപ്പെടുത്തിയിരുന്നു. മൃതദേഹങ്ങള്‍ തട്ടിക്കൊണ്ടുപോവുകയും അവയവങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്രമായ ഒരു അന്താരാഷ്ട്ര അന്വേഷണ സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോമെഡ് മോണിറ്റര്‍ ആവശ്യപ്പെട്ടിരുന്നു.

    സുരക്ഷാ പ്രതിരോധം എന്നുപറഞ്ഞ് മനുഷ്യാവയവങ്ങള്‍ അനധികൃതമായി കടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രമാണ് ഇസ്രായേലെന്നും സംഘടന ആരോപിച്ചു. മുന്‍കാലത്ത്, ഇസ്രായേല്‍ അധിനിവേശ സേന വടക്കന്‍ ഗസ നഗരമായ ജബലിയയില്‍ ഖബര്‍സ്ഥാന്‍ കുഴിച്ചെടുക്കുകയും ഫലസ്തീന്‍ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ മോഷ്ടിച്ചിരുന്നു. ഇസ്രായേല്‍ അധിനിവേശ സൈന്യം വികൃതമാക്കിയ മൃതദേഹങ്ങള്‍ തെക്കന്‍ ഗസ നഗരമായ റഫയിലെ കൂട്ടക്കുഴിമാടത്തിലാണ് ഖബറടക്കിയത്. മരണപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈവശം വയ്ക്കുന്നതും അവയവങ്ങള്‍ മോഷ്ടിക്കുന്നതും ഇസ്രായേല്‍ നിയമവിധേയമാക്കിയിരുന്നു. 2019ലെ ഇസ്രായേലി സുപ്രിം കോടതി വിധി പ്രകാരം സൈനിക ഭരണാധികാരിക്ക് പ്രത്യേക സെമിത്തേരികളില്‍ മൃതദേഹം താല്‍ക്കാലികമായി അടക്കം ചെയ്യാന്‍ അനുമതി നല്‍കി. 2021 അവസാനത്തോടെ ഇസ്രായേലി പാര്‍ലമെന്റായ നെസെറ്റ് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈവശം വയ്ക്കാന്‍ സൈന്യത്തിനും പോലിസിനും അനുമതി നല്‍കുന്ന നിയമം പാസ്സാക്കി. ഇത്തരത്തില്‍ മോഷ്ടിക്കുന്ന മൃതദേഹങ്ങള്‍ ഇസ്രായേല്‍ യൂനിവേഴ്‌സിറ്റികളിലെയും സ്‌കൂളുകളിലെയും മെഡിക്കല്‍ ലാബുകളില്‍ ഉപയോഗിക്കുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇസ്രായേലി ഡോക്ടറായ മീരാ വെയ്‌സ് തന്റെ ഓവര്‍ ദേര്‍ ബോഡീസ് എന്ന പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മരണപ്പെട്ട ഫലസ്തീനികളുടെ മനുഷ്യ കോശങ്ങളും അവയവങ്ങളും ചര്‍മവും അവരുടെ ബന്ധുക്കളുടെ അറിവോ അംഗീകാരമോ ഇല്ലാതെ മോഷ്ടിച്ചതായി ഇസ്രായേലിലെ അബു കബീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിന്‍ മുന്‍ ഡയറക്ടര്‍ യെഹൂദ ഹെസ് നല്‍കിയ മൊഴികളാണ് പുസ്തകത്തില്‍ കൂടുതലായും ഉണ്ടായിരുന്നത്.

Tags:    

Similar News