ഒരു മണിക്കൂറിനകം അല്‍ശിഫാ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേലിന്റെ അന്ത്യശാസനം

Update: 2023-11-18 08:56 GMT

ഗസാ സിറ്റി: ഹമാസ് താവളമെന്നു പറഞ്ഞ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയെങ്കിലും യാതൊരു തെളിവുമില്ലാതായതോടെ അല്‍ശിഫാ ആശുപത്രി ഒഴിയണമെന്ന അന്ത്യശാസനവുമായി ഇസ്രായേല്‍. ഗസാ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയും പരിക്കേറ്റവരും നവജാത ശിശുക്കളും ഉള്‍പ്പെടെ 7000ത്തോളം പേര്‍ കഴിയുന്ന അല്‍ ശിഫാ ആശുപത്രിയാണ് ഒരു മണിക്കൂറിനകം ഒഴിയണമെന്ന് ഇസ്രായേല്‍ അന്ത്യശാനസം നല്‍കിയത്. എന്നാല്‍, ഒരു മണിക്കൂര്‍ കൊണ്ട് ആശുപത്രി പൂര്‍ണമായും ഒഴിപ്പിക്കാന്‍ കഴിയില്ലെന്നും രോഗികളെ മാറ്റാന്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്നും ഡോക്ടര്‍ അറിയിച്ചു. ഗസയിലെ തെക്കന്‍ ഭാഗങ്ങളിലേക്ക് പോവാന്‍ ഫലസ്തീനികള്‍ സാധാരണയായി ഉപയോഗിക്കുന്ന പാതയ്ക്കു പകരം അല്‍റാഷിദ് സ്ട്രീറ്റിലൂടെ ആളുകള്‍ ഒഴിഞ്ഞ് പോവണമെന്നാണ് അന്ത്യശാസനം നല്‍കിയത്. നേരത്തേ സലാഹുദ്ദീന്‍ സ്ട്രീറ്റ് വഴിയാണ് ഫലസ്തീനികള്‍ തെക്കന്‍ ഗസയിലേക്ക് പോയിരുന്നത്. ദിവസം കഴിയുന്തോറും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. കഴിഞ്ഞ ദിവസം മാസം തികയാതെ ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന നാലുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 40 രോഗികളാണ് അല്‍ശിഫാ ആശുപത്രിയില്‍ മരണപ്പെട്ടത്. ബുധനാഴ്ച രാത്രി യുദ്ധടാങ്കുകളുമായെത്തി ആശുപത്രി വളഞ്ഞ ഇസ്രായേല്‍ അധിനിവേശ സൈന്യം മെഡിക്കല്‍ സൗകര്യങ്ങള്‍ തകര്‍ത്തിരുന്നു. ആശുപത്രിയിലെ ആക്രമണത്തിനെതിരേ യുഎന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയെങ്കിലും ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്.

Tags:    

Similar News