ഇസ്രായേൽ കൂട്ടക്കൊല തുടരുന്നു; ഗസയിൽ മരണം 227
14 വർഷത്തെ ഉപരോധത്താൽ വളരെ ദുർബലമായ ഗസയിലെ സ്ഥിതി ഇസ്രായേൽ ആക്രമണത്തിൽ അതിവേഗം വഷളാകുകയാണ്.
ഗസ: ഇസ്രായേൽ അധിനിവേശ സേന ഗസയിൽ ബുധനാഴ്‌ച നടത്തുന്ന വ്യോമാക്രമണം പത്ത് ദിവസം പിന്നിട്ടു. ബുധനാഴ്ച്ച മിസെെലാക്രമണത്തിൽ ആറു പേർ കൂടി മരിച്ചതോടെ 11 ദിവസത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 227 ആയി. അൽ-അസ്‌തൽ കുടുംബത്തിലെ 40ഓളം പേർ താമസിച്ചിരുന്ന വീട് പാടെതകർന്നു.
അതേസമയം അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കിൽ ആറ് ദിവസത്തിനിടെ ഇസ്രായേലിസേന കൊന്ന ഫലസ്തീൻകാരുടെ എണ്ണം 20 കടന്നു. മർദ്ദിച്ചും വെടിവച്ചുമാണ് ഇസ്രായേൽ അധിനിവേശ സേന വെസ്റ്റ്ബാങ്കിൽ ഫലസ്തീനികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുന്നത്. അതേസമയം ഇസ്രായേലിന്റെ "ലക്ഷ്യം പൂർത്തീകരിക്കുന്നതുവരെ" ഗസയിൽ ബോംബാക്രമണം തുടരാൻ ദൃഢനിശ്ചയമുണ്ടെന്ന് നെതന്യാഹു പറഞ്ഞു.
14 വർഷത്തെ ഉപരോധത്താൽ വളരെ ദുർബലമായ ഗസയിലെ സ്ഥിതി ഇസ്രായേൽ ആക്രമണത്തിൽ അതിവേഗം വഷളാകുകയാണ്. 20 ലക്ഷത്തിലധികം പേർ തിങ്ങി താമസിക്കുന്ന ഗസയിൽ കൊവിഡ് വ്യാപന സാഹചര്യത്തിൽ മരുന്നടക്കമുള്ള അവശ്യ വസ്തുകൾ ലഭിക്കാത്ത സ്ഥിതിയാണ്.
ഗസയിൽ കൊല്ലപ്പെട്ട 227 പേരിൽ 64 കുട്ടികളും 38 സ്ത്രീകളുമാണ്. 1,620പേർക്ക് ഇതുവരെ പരിക്കേറ്റു. ഇസ്രായേലിൽ 12പേർക്കും ജീവൻ നഷ്ടമായി. മിസെെലാക്രമണം ഗസയുടെ ദക്ഷിണ മേഖലയിലേക്കും വ്യാപിപ്പിച്ചതായി ഇസ്രായേൽ സെെന്യം പറഞ്ഞു. ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാൻ ഈജിപ്ത് മുൻകെെയെടുത്ത് നടത്തിയ ചർച്ചകൾ ഫലം കണ്ടിട്ടില്ല.
