ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തിന് പുല്ലുവില; ജബലിയ അഭയാര്‍ഥി ക്യാംപിനു നേരെ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

Update: 2023-11-01 14:33 GMT

ഗസാ സിറ്റി: ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും ലോകരാഷ്ട്രങ്ങളില്‍ പലതും രൂക്ഷമായി അപലപിക്കുകയും ചെയ്തിട്ടും പുല്ലുവില കല്‍പ്പിച്ച് ഇസ്രായേല്‍. മണിക്കൂറുകള്‍ക്കിടെ ഗസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാംപിനു നേരെ വീണ്ടും ബോംബ് വര്‍ഷിച്ചു. ജബലിയയിലെ അല്‍ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അഭയാര്‍ഥി ക്യാംപിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണ് അല്‍ ഫലൗജ ബ്ലോക്ക്. ചൊവ്വാഴ്ച രാത്രിയും ഇസ്രായേല്‍ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ആക്രമണം നടത്തിയിരുന്നു. 100ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും

    കുട്ടികളും സ്ത്രീകളുമാണ്. ഒരു ടണ്‍ വീതം ഭാരമുള്ള ആറു മിസൈലുകള്‍ പ്രദേശത്ത് ഒരേ സമയം പതിക്കുകയായിരുന്നെന്ന് ഗസ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഗസ തുരുത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ വടക്കന്‍ ഗഗയിലെ ജബലിയയില്‍ അരലക്ഷം പേര്‍ തിങ്ങിത്താമസിക്കുന്നുണ്ട്. മുമ്പും ഇസ്രായേല്‍ അധിനിവേശ സേന ഇവിടെ ആക്രമണം നടത്തിയിരുന്നു. ഇന്നലെ നടന്ന ആക്രമണത്തിനു ശേഷം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നിട്ടും അതേ അഭയാര്‍ഥി ക്യാംപിലേക്കാണ് ഇന്നും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.

Tags:    

Similar News