അമേരിക്കന്‍ യുദ്ധവിമാനവും കപ്പലും ഇസ്രായേലില്‍; മരണം 3500 കടന്നു

Update: 2023-10-11 05:20 GMT

ഗസ സിറ്റി: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അഞ്ചാംദിവസവും തുടരുന്നതിനിടെ ഇസ്രായേലിനെ സഹായിക്കാന്‍ അമേരിക്കന്‍ യുദ്ധവിമാനവും യുദ്ധക്കപ്പലുമെത്തി. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രായേലില്‍ എത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ്(ഐഡിഎഫ്) അറിയിച്ചു. എന്നാല്‍, എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് വിമാനത്തിലുള്ളതെന്ന് പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകീട്ടോടെ നെവാറ്റില്‍ വ്യോമതാവളത്തിലാണ് വിമാനമെത്തിയത്. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആണ് മെഡിറ്ററേനിയന്‍ കടലിലെത്തിയത്. അതിനിടെ, യുദ്ധത്തില്‍ ഇരുപക്ഷത്തുമായി മരണപ്പെട്ടവരുടെ എണ്ണം 3500 കടന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗസയില്‍ 150ല്‍ ഏറെ ബന്ദികള്‍ ഇപ്പോഴുമുണ്ടെന്നാണ് വിവരം. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി 900ത്തിലേറെ ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഹമാസ് ആക്രമണത്തില്‍ 14 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായും ബന്ദികളാക്കിയവരില്‍ യുഎസ് പൗരന്മാരുമുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 ആയ സാഹചര്യത്തിലാണ് ബ്ലിങ്കന്റെ ഇസ്രായേല്‍ സന്ദര്‍ശനം.

Tags: