സിറിയയില്‍ വ്യോമാക്രമണത്തില്‍ ഐഎസ് തലവനെ വധിച്ചതായി യുഎസ്

Update: 2022-02-03 16:00 GMT

വാഷിങ്ടണ്‍: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍ഹാഷ്മി അല്‍ഖുറൈഷിയെ വധിച്ചതായി അമേരിക്ക. വ്യാഴാഴ്ച പുലര്‍ച്ചെ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ ആക്രമണത്തിലാണ് ഐഎസ് തലവന്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അറിയിച്ചത്. ''നമ്മുടെ സായുധസേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മള്‍ ഐഎസ്സിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍ഹാഷ്മി അല്‍ഖുറൈഷിയെ വധിച്ചു,'' ബൈഡന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക ദൗത്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2019 ഒക്ടോബറില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ അമേരിക്കന്‍ സൈന്യം വധിച്ചിരുന്നു. ബഗ്ദാദിയുടെ പിന്‍ഗാമിയായി അല്‍ ഖുറേഷിയെയാണ് 2019 ഒക്‌ടോബര്‍ 31ന് സംഘടന തിരഞ്ഞെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗണ്‍ അറിയിച്ചു.

സിറിയന്‍ സിവില്‍ ഡിഫന്‍സ് ഗ്രൂപ്പായ വൈറ്റ് ഹെല്‍മെറ്റ്‌സ് പറയുന്നതനുസരിച്ച് ആറ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസ് സേന ഭീകരരുമായി രണ്ടുമണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു. ബഗ്ദാദി മരിച്ചതുപോലെ അല്‍ ഹാഷ്മിയും കൊല്ലപ്പെട്ടെന്നും ബോംബ് സ്‌ഫോടനത്തില്‍ ഹാഷ്മിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അസോസിയേറ്റഡ് പ്രസ്സിന്റെ റിപോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സായുധരും ഉള്‍പ്പെടുന്നു.

ദൗത്യം വിജയകരമാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പ്രസ്താവനയില്‍ അറിയിച്ചു. 2019 ന് ശേഷം പ്രവിശ്യയില്‍ നടക്കുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു ഇന്നത്തെ ഓപറേഷന്‍. 'യുഎസില്‍ ആളപായമുണ്ടായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് നല്‍കും,' കിര്‍ബി വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്കുള്ള ഒരു പ്രധാന പാര്‍പ്പിട പ്രദേശമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, റെയ്ഡ് നടന്ന സ്ഥലത്തിന് സമീപം നിരവധി ആളുകളുടെ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടതായി മറ്റ് താമസക്കാര്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു.

Tags: