ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

Update: 2019-10-27 14:41 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. വടക്കുപടിഞ്ഞാറന്‍ സിറിയിയല്‍ ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക പറയുന്നത്. സ്‌പെഷ്യല്‍ ഓപറേഷന്‍സ് കമാന്‍ഡോകളായ ഡെല്‍റ്റ ഫോഴ്‌സാണ് ദൗത്യം നിര്‍വഹിച്ചതെന്നും ബാഗ്ദാദിയുടെ അവസാന നിമിഷങ്ങള്‍ ഏതൊരു ഭീരുവിന്റേതും പോലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഒരു തുരങ്കത്തിനകത്തേക്ക് കരഞ്ഞ് ബഹളംവച്ചുകൊണ്ട് ഓടിയ ബാഗ്ദാദി അമേരിക്കന്‍ സൈന്യത്തെ കണ്ട് ഭയന്നുവിറച്ചു. തന്റെ മൂന്ന് കുട്ടികളുമായി തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. ഈ മൂന്ന് കുട്ടികളും പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം വികൃതമായിരുന്നു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇത് ബാഗ്ദാദിയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടുമണിക്കൂര്‍ മാത്രമാണ് സൈനികനടപടി നീണ്ടുനിന്നതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 

Tags: