'ഇതൊരു രാജ്യമാണോ, അതോ മതത്താല്‍ വിഭജിക്കപ്പെട്ടതാണോ?'; ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ഹരജിയില്‍ മദ്രാസ് ഹൈക്കോടതി

Update: 2022-02-10 12:57 GMT

ചെന്നൈ: ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും വിദേശികള്‍ക്കും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈകോടതി. ഇതൊരു രാജ്യമാണോ അതോ മതത്താല്‍ വിഭജിക്കപ്പെട്ടതാണോയെന്ന് രൂക്ഷമായ ഭാഷയിലാണ് കോടതി ചോദിച്ചത്.

തിരുച്ചിറപ്പിള്ളി സ്വദേശി രംഗരാജനനാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. അഹിന്ദുക്കളും വിദേശികളും സന്ദര്‍ശിക്കുന്നത് ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുമെന്നായിരുന്നു ഹരജിക്കാരന്റെ പരാതി. ക്ഷേത്രങ്ങളില്‍ കര്‍ശനമായ ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും ഹിന്ദുക്കള്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തുമ്പോള്‍ തങ്ങളുടെ മതം വ്യക്തമാക്കുന്ന ചുരിദാര്‍, മുണ്ട്, ചന്ദനം, സിന്ദൂരം, സാരി പോലുള്ളവ ഉപയോഗിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

ഹരജിക്ക് പിന്നിലെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി പറഞ്ഞു. ചിലര്‍ ഹിജാബിനായി പോകുന്നു, ചിലര്‍ ധോത്തിക്കായി പോകുന്നു. ഇവിടെ രാജ്യമാണോ മതമാണോ പരമപ്രധാനമെന്നും കോടതി സമീപകാലങ്ങളില്‍ നടന്ന സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ട് ചോദിച്ചു.

ഏത് നിയമമാണ് ഇത്തരം വസ്ത്രധാരണ രീതികള്‍ നിര്‍ദ്ദേശിക്കുന്നതെന്നും തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ക്ക് പ്രത്യേക വസ്ത്രധാരണരീതികള്‍ ആവശ്യമില്ലെന്നും വിഷയത്തില്‍ കോടതി പറഞ്ഞു.

ക്ഷേത്രത്തിനുള്ളില്‍ വിശ്വാസികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് 2016ല്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിലെ കൊടിമരം വരെ പ്രവേശനാനുമതിയും കോടതി നല്‍കിയിരുന്നു.

Tags:    

Similar News