യുഎസ് മുന്നോട്ടുവെച്ച 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍

Update: 2026-04-04 03:12 GMT

തെഹ്‌റാന്‍:  പശ്ചിമേഷ്യയില്‍ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളി ഇറാന്‍. മറ്റൊരു രാജ്യം വഴി ബുധനാഴ്ച ലഭിച്ച ഈ നിര്‍ദ്ദേശം ഇറാന്‍ തള്ളിക്കളഞ്ഞതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കുണ്ടായ തെറ്റായ കണക്കുകൂട്ടലുകള്‍ മൂലം നേരിട്ട തിരിച്ചടികള്‍ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. കുവൈറ്റിലെ ബുബിയാന്‍ ദ്വീപിലുള്ള അമേരിക്കന്‍ സൈനിക ഡിപ്പോയ്ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങള്‍ യുഎസ് ശക്തമാക്കിയത്.

വെടിനിര്‍ത്തല്‍ സംബന്ധിച്ച നിര്‍ദ്ദേശത്തിന് ഇറാന്‍ രേഖാമൂലം മറുപടി നല്‍കിയിട്ടില്ല. പകരം യുദ്ധക്കളത്തില്‍ ആക്രമണം തുടര്‍ന്നുകൊണ്ടാണ് ഇറാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പ്രസിഡന്റ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. വെടിനിര്‍ത്തലിനായി പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാന്‍. യുദ്ധത്തിന് ശ്വാശത പരിഹാരമാണ് വേണ്ടതെന്നും ഇനി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിക്കണമെന്നുമാണ് ഇറാന്റെ നിലപാട്. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം വേണമെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുഎസ് ക്യാംപുകള്‍ വിടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രണ്ട് തവണ ഇറാനെ ആക്രമിച്ച അമേരിക്കയെ വിശ്വസിക്കാനാവില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.



Tags: