അഞ്ച് വര്‍ഷം നീളുന്ന യുദ്ധത്തിനും തയ്യാര്‍: അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല: ഇറാന്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെ, യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്നും അഞ്ചുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധത്തിനായി രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍കാല ഉടമ്പടികള്‍ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍, ഇനിയൊരു ഒത്തുതീര്‍പ്പിന് താല്‍പ്പര്യമില്ലെന്നാണ് ഇറാന്റെ നിലപാടെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ഇറാന്‍-ഇറാഖ് യുദ്ധകാലത്തെ അനുഭവപരിചയം മുന്‍നിര്‍ത്തി, തങ്ങളുടെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണുമായി തെഹ്‌റാന്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിന്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. 'ഇല്ല.. ഒരിക്കലുമില്ല. ഇറാന്‍ നിലവില്‍ അവരുമായി (അമേരിക്കയുമായി) ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അവരാണ് ഈ യുദ്ധം തുടങ്ങിയത്. അമേരിക്കയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് മുന്‍ അനുഭവങ്ങളുണ്ട്. രണ്ട് തവണ ഞങ്ങള്‍ അവരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍, അവര്‍ ഞങ്ങളെ ആക്രമിക്കുകയാണ് ചെയ്തത്. അവര്‍ ഞങ്ങളെ ആക്രമിച്ചു.' അദ്ദേഹം പറഞ്ഞു.
ശത്രുക്കള്‍ക്ക് മുന്നില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും ആവശ്യമെങ്കില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തെ നേരിടാന്‍ സജ്ജമാണെന്നും ഇലാഹി പറഞ്ഞു. ഇറാന്‍-ഇറാഖ് യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട്, ദീര്‍ഘകാല യുദ്ധം അതിജീവിച്ച അനുഭവം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
'ഈ യുദ്ധത്തിന്റെ സമയപരിധി എനിക്കറിയില്ല. എന്നാല്‍, എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്, അഞ്ച് വര്‍ഷത്തേക്ക് വരെ ഈ യുദ്ധം തുടരാന്‍ ഇറാന്‍ തയ്യാറാണ്.' അദ്ദേഹം വ്യക്തമാക്കി.
'ഇറാനും ഇറാഖും തമ്മിലുള്ള എട്ട് വര്‍ഷത്തോളം നീണ്ട യുദ്ധം നടന്നിട്ടുണ്ട്. അതിന്റെ അനുഭവപരിചയം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ, ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ ഇറാന്റെ തെരുവുകളിലേക്ക് പോയാല്‍, അവിടെ ജനങ്ങളെല്ലാം പ്രതികാരത്തിനായി മുറവിളി കൂട്ടുന്നത് കാണാം. തങ്ങളുടെ രക്തം നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ മണ്ണ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അവര്‍ പറയുന്നു.' ഇലാഹി കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍ പലതവണ ശ്രമിച്ചതായും പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധം ഒഴിവാക്കാന്‍ സഹായിക്കണമെന്ന് അയല്‍രാജ്യങ്ങളോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. 'ഒരു യുദ്ധം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. മേഖലയില്‍ യുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ പലതവണ ശ്രമിച്ചു. ഈ യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ണമെന്ന് ഞങ്ങള്‍ അയല്‍രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. കാരണം ഈ മേഖലയ്ക്ക് ഇനി ഒരു യുദ്ധം കൂടി താങ്ങാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.' അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള സംഘര്‍ഷം ഇറാനില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കാനും ഇലാഹി മറന്നില്ല. മേഖലയിലെ തടസങ്ങള്‍ ഊര്‍ജ്ജ വില വര്‍ധനവ് ഉള്‍പ്പെടെ അന്താരാഷ്ട്ര വിപണികളെ ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ഊര്‍ജ വിതരണത്തിനുള്ള പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ തന്ത്രപ്രധാനമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഗ്യാസ്, പെട്രോള്‍, ഓയില്‍ എന്നിവയുടെ ദൗര്‍ലഭ്യം മൂലം സംഘര്‍ഷം പല രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
എന്നിരുന്നാലും, സ്വയം പ്രതിരോധിക്കുകയല്ലാതെ ഇറാന് മറ്റ് മാര്‍ഗമില്ലെന്ന നിലപാടാണ് ഇലാഹി പങ്കുവെച്ചത്. 'യഥാര്‍ത്ഥത്തില്‍ ഈ പ്രതിസന്ധി ഇറാന് മാത്രമല്ല, അതൊരു ആഗോള പ്രതിസന്ധിയാണ്. ഈ യുദ്ധം ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ഞങ്ങള്‍ക്ക് ഞങ്ങളെത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. ഞങ്ങളുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും രാജ്യത്തിനും വേണ്ടി രക്തം ചിന്താന്‍ ഞങ്ങള്‍ തയ്യാറാണ്.' അദ്ദേഹം പറഞ്ഞു.
'മറ്റ് ജനങ്ങളുടെ ദുരിതത്തിലും ഗ്യാസ്, പെട്രോള്‍ എന്നിവയുടെ ദൗര്‍ലഭ്യത്തിലും ഞങ്ങള്‍ സന്തോഷിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് മറ്റ് വഴികളില്ല.' അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ആഗോള നേതാക്കള്‍ ഇടപെടണമെന്ന ആവശ്യവും ഇലാഹി മുന്നോട്ടുവെച്ചു.

