മുജാഹിദ് സമ്മേളനത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് ക്ഷണം; വിമര്‍ശനം ശക്തം

Update: 2022-12-23 09:48 GMT

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് സംഘപരിവാര നേതാക്കളെ ക്ഷണിച്ചതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെട വ്യാപക വിമര്‍ശനവും പരിഹാസവും. 'നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്നുവരെ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടക്കുന്ന കെഎന്‍എം 10ാം സംസ്ഥാന സമ്മേളനത്തിലേക്കാണ് ബിജെപിയുടെ പ്രമുഖ നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. മുജാഹിദ് പരിപാടികളില്‍ ബിജെപി നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെതിരേ നേരത്തെയും വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍, അതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ബിജെപിയുടെ പ്രമുഖ നേതാക്കളെ സമ്മേളന വേദിയിലേക്ക് വീണ്ടുമെത്തിക്കാന്‍ മുജാഹിദ് നേതൃത്വം തയ്യാറെടുക്കുന്നത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയാണ് സമ്മേളനത്തിലെ മുഖ്യാതിഥി. ബിജെപിയുടെ മറ്റൊരു മുന്‍ സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനും സമ്മേളനത്തിലെ ഒരു സെഷന്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. സംഘപരിവാര്‍ സഹയാത്രികനായ രാഹുല്‍ ഈശ്വര്‍, സംഘപരിവാറിനോട് മൃദുസമീപനം പുലര്‍ത്തി ചാനല്‍ചര്‍ച്ചകളിലും മറ്റും ഇടപെടുന്ന അഡ്വ. എം ജയശങ്കര്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

ഇസ്‌ലാമിനെതിരേയും മുസ്‌ലിംകള്‍ക്കെതിരേയും ഹിന്ദുത്വര്‍ രാജ്യത്തുടനീളം ആക്രമണങ്ങളും വേട്ടയാടലുകളും നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. സിഎഎ, ഏകസിവില്‍ കോഡ് തുടങ്ങിയവയിലൂടെ മുസ് ലിംകളെ അപരവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ 'നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തില്‍ നടത്തുന്ന സമ്മേളനത്തിലേക്ക് സംഘപരിവാര്‍ നേതാക്കളെ ക്ഷണിച്ചതിനെതിരേയാണ് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയരുന്നത്.

ഫാഷിസ്റ്റ് കാലത്ത് ഹിന്ദുത്വവാദികളെ നോര്‍മലൈസ് ചെയ്യുന്നത് പോലൊരു ദുഷ്ടപ്രവൃത്തി വേറെയില്ലെന്ന് സാമൂഹികപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. മുജാഹിദുകാര്‍ക്കൊന്നും ഹിന്ദുത്വവാദികളോട് അസ്പര്‍ശ്യതയുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. അത്തരക്കാരുടെ തണല്‍ കൂടെ അനുഭവിച്ചുകൊണ്ടാണ് ഫാഷിസം അതിന്റെ വേട്ടയ്ക്ക് തന്ത്രങ്ങള്‍ മെനയുന്നത് ശ്രീജ നെയ്യാറ്റിന്‍കര കുറിച്ചു. 'നിര്‍ഭയത്വമാണ് മതം' പക്ഷേ ഭരിക്കുന്നത് സംഘികളാണ്. അപ്പോള്‍ പിന്നെ ഒരു ധൈര്യത്തിന് ശ്രീധരന്‍പിള്ളയെക്കൂടി ക്ഷണിച്ചതില്‍ തെറ്റുപറയാനാവില്ലെന്നാണ് മറ്റൊരു കുറിപ്പ്. 'മതേതരത്വം അഭിമാനമായ' ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം മതേതരത്വം പൂത്തുലയുന്ന ബിജെപിയില്‍ നിന്ന് ഒരു പ്രതിനിധി നിര്‍ബന്ധവുമാണ്.

പോപുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത ഏക മുസ്‌ലിം സംഘടന എന്ന നിലയ്ക്ക് നമ്മുടെ മതേതരത്വത്തിന്റെ മാറ്റില്‍ സംഘികള്‍ക്ക് സംശയമൊന്നുമുണ്ടാവില്ലെന്ന് കരുതാമെന്നും കുറിപ്പില്‍ പറയുന്നു. ഈമാന്‍ വേണമെങ്കില്‍ എത്രയും പെട്ടെന്ന് മുജാഹിദുകളില്‍ നിന്ന് ഓടിരക്ഷപ്പെടുക എന്നാണ് മറ്റൊരു കമന്റ്. രാജഭക്തിയാണ് മുജാഹിദിസത്തിന്റെ അടിസ്ഥാന വിശ്വാസം. തൗഹീദും രാജഭക്തിയും ഏറ്റുമുട്ടിയാല്‍ രാജഭക്തി സ്വീകരിക്കുന്നവരാണവര്‍. മുഖ്യാതിഥികളും ആദരിക്കപ്പെടുന്നവരും സംഘി നേതാക്കളായത് യാദൃശ്ചികമല്ല... അങ്ങനെ പോവുന്നു വിമര്‍ശനങ്ങള്‍.

മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങള്‍ നേരത്തെയും ശ്രീധരന്‍പിള്ള നടത്തിയിട്ടുണ്ട്. മുമ്പ് മിസോറാം ഗവര്‍ണറായിരിക്കെ മുസ്‌ലിം സംഘടനകളുമായി പി എസ് ശ്രീധരന്‍പിള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. മിസോറാം ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് മുസ്‌ലിം സംഘടനാ നേതാക്കളുമായി കോഴിക്കോട് വച്ച് കൂടിക്കാഴ്ച നടത്തുമെന്ന അറിയിപ്പ് നല്‍കിയത്. എന്നാല്‍, ഇത് വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്തതോടെ മുസ്‌ലിം സംഘടനാ നേതാക്കളാരും എത്താതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നിരുന്നില്ല. എന്നാല്‍, മറ്റൊരു പരിപാടിയില്‍ മുജാഹിദ് നേതാവ് ഹുസയ്ന്‍ മടവൂര്‍ ശ്രീധരന്‍പിള്ളയെ നേരില്‍ കാണുകയും നിവേദനം നല്‍കുകയും ചെയ്തത് വലിയ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News