മാധ്യമങ്ങളുടെ പ്രതിസന്ധിയില്‍ ഇടപെടണം; കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിക്ക് കത്ത്

Update: 2020-04-14 02:32 GMT

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അച്ചടി-ദൃശ്യ-ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രിക്ക് കത്തയച്ചു. മുന്‍ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രിയും കോണ്‍ഗ്രസ് നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ മനീഷ് തിവാരി എംപിയാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് കത്തയച്ചത്. ലോക്ക്ഡൗണ്‍ കാലത്തെ നഷ്ടം നികത്താന്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിച്ചുരുക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്. രാജ്യത്തെ എല്ലാ അച്ചടി, ഇലക്‌ട്രോണിക്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ജീവനക്കാരെ പിരിച്ചുവിടരുതെന്നും ശമ്പളം കൃത്യസമയത്ത് നല്‍കണമെന്നും നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് ഇത് ദുഷ്‌കരമായ സമയമാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ കൊറോണ വൈറസ് മഹാമാരിയുടെ ഫലമുണ്ടായ ലോക്ക് ഡൗണ്‍ ആരംഭിച്ച് 3 ആഴ്ച പിന്നിടുമ്പോള്‍ തന്നെ ജീവനക്കാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഉചിതമാവില്ല. ആയതിനാല്‍ വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നാണ് കത്തിലെ ഉള്ളടക്കം.

   


ലോക്ക്ഡൗണ്‍ കാലത്തെ നഷ്ടം നികത്താന്‍ പത്രങ്ങള്‍ ശമ്പളം വെട്ടിച്ചുരുക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ശമ്പളത്തിന്റെ 30 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണു തീരുമാനമെന്നാണു സൂചന. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ന്യൂ നാഷന്‍, ഇന്ത്യ ടുഡേ, ഔട്ട്‌ലുക്ക്, ദ ക്വിന്റ് തുടങ്ങിയ സ്ഥാപനങ്ങളാണ് കടുത്ത നടപടിക്കൊരുങ്ങുന്നത്. മലയാള പത്ര മാധ്യമങ്ങളും ഇതേ സ്വീകരിക്കാന്‍ തയ്യാറായതായി റിപോര്‍ട്ടുകളുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പരസ്യവരുമാനങ്ങളില്‍ വന്‍ ഇടിവുണ്ടായെന്നും അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമവും വന്‍ വിലക്കയറ്റവും ഉണ്ടായെന്നും ചൂണ്ടിക്കാട്ടി നേരത്തേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ പരസ്യ വരുമാനത്തിലെ കുടിശ്ശിക തീര്‍ത്ത് മാധ്യമങ്ങളുടെ പ്രതിസന്ധിയില്‍ ഇടപെടണമെന്നായിരുന്നു പ്രധാന ആവശ്യം.



Tags:    

Similar News