കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ 3 അതിർത്തികളിലും ഇന്റർനെറ്റ് വിഛേ​ദിച്ചു

കർഷക യൂനിയനുകൾ ശനിയാഴ്ച പ്രഖ്യാപിച്ച റോഡ് ഉപരോധം നേരിടാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചത്.

Update: 2021-02-06 14:05 GMT

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ സിംഘു, ഗാസിപൂർ, തിക്രി അതിർത്തികളിൽ ഇന്റർനെറ്റ് സേനവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. പ്രക്ഷോഭ കേന്ദ്രങ്ങളു‌‌ടെ സമീപ പ്രദേശങ്ങളിലും ഫെബ്രുവരി 6 ന് 23:59 മണിക്കൂർ വരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കും.

പൊതു സുരക്ഷാ ചട്ടം 2017 പ്രകാരമാണ് ടെലികോം സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ പ്രഖ്യാപിച്ചത്. പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്ഥ ഒഴിവാക്കുന്നതിനുമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ റിപോർട്ട് ചെയ്യുന്നു.

കർഷക യൂനിയനുകൾ ശനിയാഴ്ച പ്രഖ്യാപിച്ച റോഡ് ഉപരോധം നേരിടാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചത്.

നേരത്തെ, സിംഘു, ഗാസിപൂർ, തിക്രി അതിർത്തികളിലും സമീപ പ്രദേശങ്ങളിലും ജനുവരി 29 ന് രാത്രി 11 മണി മുതൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ജനുവരി 31 ന് രാത്രി 11 മണി വരെ ഇത് പ്രാബല്യത്തിലുണ്ടായിരുന്നു.പിന്നീട് ഇത് ഫെബ്രുവരി 2 വരെ നീട്ടിയിരുന്നു.