രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏറെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ

ബിജെപി സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന്റെ കണക്ക് മറ്റുള്ളവരെക്കാള്‍ 250 ശതമാനം അധികമാണ്.

Update: 2021-06-22 15:31 GMT

ന്യൂഡൽഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധനത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബിജെപി ഇതര സര്‍ക്കാരുകളെക്കാള്‍ ഏറെ മുന്നില്‍. ബിജെപി സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന്റെ കണക്ക് മറ്റുള്ളവരെക്കാള്‍ 250 ശതമാനം അധികമാണെന്നും പഠനം. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ക്രിസ് റുഹോറോക് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ബിജെപി സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിന്റെ കണക്ക് മറ്റുള്ളവരെക്കാള്‍ 250 ശതമാനം അധികമാണ്. ഈ രീതി വര്‍ധിച്ചുവരുന്നതാണ് കാണുന്നതെന്നും 2012 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങള്‍ വിശകലനം ചെയ്ത പഠനം വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം ചുരുക്കമായേ നടക്കാറുള്ളൂവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2020ല്‍ 115 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്റർനെറ്റ് നിരോധനത്തിൽ ലോക രാജ്യങ്ങളില്‍ തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്. യെമന്‍ ആണ് ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിമാസം 9.6 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ ഇത് 2.7 മാത്രമാണ്. ഇന്റര്‍നെറ്റ് നിരോധനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജമ്മുകശ്മീര്‍ മാറ്റിനിര്‍ത്തിയാലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെയാണ് ഏറെ മുന്നിലുള്ളത്.

2019 ഡിസംബറില്‍ സിഎഎ വിരുദ്ധസമരം ശക്തിയാര്‍ജ്ജിച്ച സമയത്താണ് രാജ്യത്ത് ഏറ്റവുമധികം പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം ഉണ്ടായത്. 76 ജില്ലകളിലാണ് ആ സമയത്ത് ഇന്റര്‍നെറ്റ് ഒഴിവാക്കിയത്. രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയതിനു ശേഷം പലവിധ മേഖലകളിലായി നടത്തിവന്ന അവകാശ ലംഘനങ്ങളുടെ തുടര്‍ച്ചയായി തന്നെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് നിരോധനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലായി സംഭവിക്കുന്നതെന്ന് വ്യക്തം.