മംഗളൂരുവിലെ പോലിസ് നടപടി പക്ഷപാതപരം; മുസ്‌ലിം സമുദായത്തെ പ്രത്യേകം ലക്ഷ്യമിട്ടു: വസ്തുതാന്വേഷണ സംഘത്തിന്റെ ഇടക്കാല റിപോര്‍ട്ട്
മരിച്ചവരുടെ കുടുംബങ്ങള്‍, പോലിസ് അതിക്രമത്തിന് ഇരയായവര്‍, സ്‌റ്റേറ്റ് ബാങ്ക്, പ്രദേശത്തെ കടയുടമകള്‍ തുടങ്ങി സംഭവത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉള്‍പ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
മംഗലാപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ പട്ടിക(എന്‍പിആര്‍)യ്ക്കുമെതിരേ ഡിസംബര്‍ 19ന് മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനു നേരെയുണ്ടായ പോലിസ് നടപടി പക്ഷപാതപരവും മുസ്‌ലിം സമുദായത്തെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതുമായിരുന്നുവെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ ഇടക്കാല റിപോര്‍ട്ട്.
പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടികളുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്ത പോലിസ് അനവധി പേരെയാണ് അറസ്റ്റ് ചെയ്തത്. ചില മാധ്യമപ്രവര്‍ത്തകരും പോലിസ് അതിക്രമങ്ങള്‍ക്ക് ഇരയായി. പ്രത്യേകിച്ച് കേരളം ആസ്ഥാനമായുള്ള മാധ്യമങ്ങളില്‍ നിന്നുള്ളവരെ പോലിസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തു.
നിയമത്തിന്റെ പരിധിയില്‍നിന്നാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് പോലിസും ജില്ലാ ഭരണകൂടവും അവകാശപ്പെടുമ്പോള്‍ തന്നെ പൗര സംഘടനകളും പ്രതിപക്ഷവും ഈ വാദം തള്ളിക്കളയുകാണ്. പോലിസ് പരിധി ലംഘിച്ചതായും മുസ്‌ലിം സമുദായത്തെ പ്രത്യേകം ലക്ഷ്യമിട്ട് പക്ഷപാതപരമായി ആക്രമണം നടത്തിയതായും ഇടക്കാല റിപോര്‍ട്ട് വ്യക്തമാക്കുന്നു. പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി ആദ്യം 10 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതില്‍നിന്നു പിന്‍മാറുന്ന കാഴ്ചയാണ് കണ്ടത്.
മരിച്ചവരുടെ കുടുംബങ്ങള്‍, പോലിസ് അതിക്രമത്തിന് ഇരയായവര്‍, സ്‌റ്റേറ്റ് ബാങ്ക്, പ്രദേശത്തെ കടയുടമകള്‍ തുടങ്ങി സംഭവത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉള്‍പ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. കര്‍ണാടക, കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള മനുഷ്യാവകാശ, പൗരസ്വാതന്ത്ര്യ പ്രവര്‍ത്തകരായ അവാനി ചോക്ഷി, ക്ലിഫ്ടണ്‍ ഡി റൊസാരിയോ, സ്വാതി ശേഷാദ്രി, കെ എം വേണുഗോപാലന്‍ (എല്ലാവരും എഐപിഎഫ്), ഹിമാന്‍ഷു കുമാര്‍, പണ്ഡിറ്റ് ആരാധ്യ, വെങ്കട്ടരാജു, വൈ ജെ രാജേന്ദ്ര, (പിയുസിഎല്‍), മുഹമ്മദ് നൗഫല്‍ തമിഴ്‌നാട്, ഉമര്‍ ഫാറൂഖ് കര്‍ണാടക (എന്‍സിഎച്ച്ആര്‍ഒ) എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഡിസംബര്‍ 19 ലെ സംഭവങ്ങളെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് റിപോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കുക, സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തി പോലിസ് അതിക്രമത്തിനും രണ്ടു പേരുടെ മരണത്തിനും വ്യാജ കേസുകള്‍ക്കും ഇടയാക്കിയ മംഗളൂരു പോലീസ് കമ്മീഷണര്‍ ഡോ. പി എസ് ഹര്‍ഷയെ ഉടന്‍ സസ്‌പെന്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും ഇടയ്ക്കാല റിപോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.
