സംസ്ഥാനത്ത് സംഘപരിവാരം കലാപശ്രമമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: എസ്ഡിപിഐ ഡിജിപിക്ക് കത്ത് നല്‍കി

സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം അനുദിനം കലുഷിതമാകുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുക എന്നത് ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും അജണ്ടയാണ്

Update: 2022-01-04 16:40 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപം നടത്തുന്നതിന് സംഘപരിവാരം ആസൂത്രിത നീക്കം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത് ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് കത്ത് നല്‍കി.

സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം അനുദിനം കലുഷിതമാകുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുക എന്നത് ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും അജണ്ടയാണ്. വര്‍ഗീയ കലാപങ്ങളിലൂടെയും ഇതര സമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ക്കുമേല്‍ ആക്രമണം നടത്തിയുമാണ് ബിജെപി അധികാരത്തിലെത്തിയതും അത് നിലനിര്‍ത്തുന്നതും. കത്തില്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്, കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാന്‍ സംഘപരിവാരത്തിന് നാളിതുവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയമസഭാ പ്രാതിനിധ്യം ഇത്തവണ നഷ്ടപ്പെടുകയാണുണ്ടായത്. കലാപങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും മാത്രമേ കേരളത്തില്‍ വേരുറപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവ് കേരളത്തെ കലാപഭൂമിയാക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഈ ലക്ഷ്യം മുന്നില്‍വെച്ചാണ് യാതൊരു സംഘര്‍ഷവും ഇല്ലാതിരിക്കേ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വളരെ ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തോടനുബന്ധിച്ച് കലാപം വ്യാപിപ്പിക്കുന്നതിന് നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണമുണ്ടായി. എന്നാല്‍ പൗരബോധമുള്ള ജനത സംയമനം പാലിച്ചതുകൊണ്ട് സംസ്ഥാനത്തൊരിടത്തും അനിഷ്ടസംഭവങ്ങളുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി കലാപത്തിന് സംഘപരിവാരം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആര്‍എസ്എസ് ശാഖകളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളുമായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രകടനം നടത്തുമെന്നും പ്രകോപനം സൃഷ്ടിച്ച് കലാപം നടത്താനുള്ള ശ്രമമാണെന്നുമാണ് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ആര്‍എസ്എസ്സുകാരാണെന്നും സൈന്യത്തിലും പോലിസിലും എല്ലാം ആര്‍എസ്എസ് ഉണ്ടെന്നുമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തങ്ങള്‍ ആയുധമേന്തി അക്രമത്തിനു മുതിര്‍ന്നാല്‍ തടയാന്‍ ആരുമില്ല എന്ന വെല്ലുവിളിയാണ്. സംസ്ഥാനത്ത് സമാധാനവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സത്വരവും നീതിപൂര്‍വവുമായ ഇടപെടല്‍ ഉണ്ടാവണമെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചു.

Tags: