ഖുദ്ദൂസ് സാഹിബ് ഖബര്‍സ്ഥാനില്‍ ആ ആത്മാവ് ഇന്ന് പുഞ്ചിരി തൂകും..

ജീവിച്ചിരിക്കെ സേട്ട് സാഹിബിന് ഇടതു മുന്നണിയും സിപിഎമ്മും രാഷ്ട്രീയ അംഗീകാരം നല്‍കിയില്ല. അദ്ദേഹത്തിനന്റെ മരണാനന്തരമെങ്കിലും അതു സംഭവിച്ചു എന്നത് കാവ്യനീതിയാകാം.

Update: 2021-05-20 08:26 GMT

പി സി അബ്ദുല്ല

കോഴിക്കോട്: ബെംഗളൂരു നഗരപ്രാന്തത്തിലെ ഖുദ്ദുസ് സാഹിബ് ഖബര്‍സ്ഥാനില്‍ കാലത്തിലേക്ക് നിറം മങ്ങുന്ന ഒരു ഖബര്‍. പക്ഷേ, ആ ആറടി മണ്ണിലുറങ്ങുന്ന ആത്മാവിന്റെ ഓര്‍മ്മകള്‍ ഒളിമങ്ങാതെ ചരിത്രത്തിലും വര്‍ത്തമനത്തിലും പുഞ്ചിരി തൂകുന്നു. അഹ് മദ് ദേവര്‍ കോവില്‍ ഇന്ന് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏറ്റവും സ്മരണീയമായ നാമം ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റേതാണ്. തീക്ഷ്ണമായ രാഷ്ട്രീയാനുഭവങ്ങള്‍ക്കും അവഗണനകള്‍ക്കുമൊടുവില്‍ പരാതിയും പരിഭവങ്ങളുമില്ലാതെ ചരിത്രത്തിലേക്കു മാഞ്ഞ സേട്ടു സാഹിബിന്റെ സ്വപ്നമാണ് ദേവര്‍ കോവിലിന്റെ മന്ത്രി പദത്തിലൂടെ ഒടുവില്‍ പൂവണിഞ്ഞത്.

    ജീവിച്ചിരിക്കെ സേട്ട് സാഹിബിന് ഇടതു മുന്നണിയും സിപിഎമ്മും രാഷ്ട്രീയ അംഗീകാരം നല്‍കിയില്ല. അദ്ദേഹത്തിനന്റെ മരണാനന്തരമെങ്കിലും അതു സംഭവിച്ചു എന്നത് കാവ്യനീതിയാകാം. സമര്‍പ്പിത ജീവിതവും തീക്ഷ്ണമായ പോരാട്ടങ്ങളും കൊണ്ട് സമുദായത്തിന്റെ മഹ്ബൂബായി അവരോധിക്കപ്പെട്ട ഇബ്രാഹീം സുലൈമാന്‍ സേട്ട് വിടപറഞ്ഞിട്ട് പതിനേഴു വര്‍ഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി സംസ്ഥാനത്ത് അധികാര രാഷ്ട്രീയത്തില്‍ അവരോധിക്കപ്പെടുന്നത്.

    കോണ്‍ഗ്രസിന് ആജീവനാന്തം പതിച്ചുകൊടുത്ത സമുദായ രാഷ്ട്രീയത്തിന് ബദല്‍ എന്ന വലിയ സ്വപ്നവുമായി 1994 ഏപ്രില്‍ 22ന് സേട്ട് സാഹിബ് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ചു. കോണ്‍ഗ്രസ് വിരുദ്ധ പോരാട്ടത്തില്‍ സേട്ടു സാഹിബിനെ ആവോളം പ്രോല്‍സാഹിപ്പിച്ച സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തന്റെ പുതിയ രാഷ്ട്രീയ ബദലിനൊപ്പമുണ്ടാവുമെന്നായിരുന്നു സേട്ട് സാഹിബിന്റെ പ്രതീക്ഷ.

    പക്ഷേ, സേട്ടു സാഹിബിന്റെ ജീവിത കാലത്ത് സിപിഎം അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മുന്നണിയില്‍ പ്രവേശനം അനുവദിച്ചില്ല. സുലൈമാന്‍ സേട്ട് എന്ന മുസ് ലിം അസ്തിത്വത്തോടും മുസ് ലിം സ്വത്വ രാഷ്ട്രീയത്തോടുമുള്ള സിപിഎമ്മിന്റെ കുടിലതയും വിദ്വേഷവും തന്നെയായിരുന്നു സേട്ട് സാഹിബിന്റെ കാലത്ത് ഐഎന്‍എല്ലിനോട് ഇടതുമുന്നണി കല്‍പ്പിച്ച അയിത്തത്തിന്റെ അടിസ്ഥാന കാരണം. കാല്‍ നൂറ്റാണ്ടിലേറെ നീണ്ട അവഗണനയ്‌ക്കൊടുവില്‍, മറ്റു പല പാര്‍ട്ടികളെയും മുന്നണിയിലെടുക്കേണ്ടിവന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് അടുത്തിടെ ഇന്ത്യന്‍ നാഷനല്‍ ലീഗിനെ ഇടതുമുന്നണി ഘടക കക്ഷിയാക്കിയത്.

INL's ministry to tribute Ebrahim Sulaiman Sait


Tags:    

Similar News