കന്നഡ എഴുത്തുകാരന്‍ കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ച് ഹിന്ദുത്വവാദി

ജയ് ശ്രീരാം എന്ന മുദ്രാവാക്യം കുറിച്ചുകൊണ്ടാണ് ആർഎസ്എസ് അനുകൂലിയായ അഭിഭാഷക ഭഗവാന് നേരെ ആക്രമണം നടത്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്

Update: 2021-02-04 17:37 GMT

ബംഗളൂരു: കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ച് ഹിന്ദുത്വവാദി. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ഭഗവാന്റെ മുഖത്ത് മഷി കുടഞ്ഞത്. ബംഗളുരു സിറ്റി സിവില്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. മറ്റൊരു കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയതായിരുന്നു ഭഗവാന്‍.

കെഎസ് ഭഗവാന്‍ ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മഷി പ്രയോഗമെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീര ട്വീറ്റ് ചെയ്തു. ജയ് ശ്രീരാം എന്ന മുദ്രാവാക്യം കുറിച്ചുകൊണ്ടാണ് ആർഎസ്എസ് അനുകൂലിയായ അഭിഭാഷക ഭഗവാന് നേരെ ആക്രമണം നടത്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതേസമയം മീര രാഘവേന്ദ്രക്കെതിരേ ഹലസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ട് മാസം മുമ്പ് മൈസൂരുവിൽ നടന്ന പത്രസമ്മേളനത്തിൽ ഹിന്ദു മതത്തിനെതിരായ പ്രസ്താവനയിലൂടെ കെഎസ് ഭ​ഗവാൻ മതവികാരം വ്രണപ്പെടുത്തിയതിന് ഭഗവാനെതിരേ അവർ ഹരജി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം കോടതിയിൽ ഹാജരാവുകയും ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം.

ആക്രമണ സമയത്ത് കെഎസ് ഭഗവാനൊപ്പം അംഗരക്ഷകരായ പോലിസുകാരും ഉണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ഭഗവാനും അഭിഭാഷകൻ സൂര്യ മുകുന്ദ് രാജും ഹലസുരു ഗേറ്റ് പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. അവളുടെ വിഡ്ഡിത്തത്തിന് ഞാൻ അവളോട് ക്ഷമിക്കുന്നു, ഒരു അഭിഭാഷകയെന്ന നിലയിൽ അവൾ എങ്ങനെ നിയമത്തെ സംരക്ഷിക്കുമെന്ന് എനിക്കറിയില്ലെന്ന് കെഎസ് ഭഗവാൻ പറഞ്ഞു.